ഗുരുഗ്രാമിൽ മാളിലെ സ്പാകളില്‍ വ്യാപക പരിശോധ; 30 സ്ത്രീകളെ രക്ഷപ്പെടുത്തി, 20 പേർ കസ്റ്റഡിയില്‍

പൊലീസും ഹരിയാന വനിത കമ്മീഷനും സംയുക്തമായാണ് പരിശോധന നടത്തിയത്

ഛണ്ഡിഗഡ്: ഗുരുഗ്രാമിൽ മാളിലെ സ്പാകളില്‍ നടത്തിയ പരിശോധനയില്‍ 30 സ്ത്രീകളെ രക്ഷപ്പെടുത്തി. ഇതില്‍ മൂന്ന് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 18 സ്പാകളില്‍ നടന്ന പരിശോധനയില്‍ എട്ടിടത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസും ഹരിയാന വനിത കമ്മീഷനും സംയുക്തമായാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡോക്ടര്‍മാരടക്കം നൂറോളം പേര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നായിരുന്നു പരിശോധന.

ഹരിയാന സംസ്ഥാന വനിതാ കമ്മീഷനും ഗുരുഗ്രാം പൊലീസും ചേര്‍ന്ന് ആറ് മണിക്കൂര്‍ നീണ്ട വിപുലമായ റെയ്ഡാണ് നടത്തിയത്. വെല്‍നസ് പാര്‍ലറുകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവിടെയുള്ള വാണിജ്യ സമുച്ചയത്തിലെ നൂറോളം ജീവനക്കാര്‍ അധികൃതരെ അറിയിച്ചിരുന്നു എന്നാണ് വിവരം. പരിശോധന നടത്തിയ 18 കേന്ദ്രങ്ങളില്‍ കുറഞ്ഞത് എട്ടെണ്ണത്തിലെങ്കിലും ലൈംഗിക കുറ്റകൃത്യങ്ങള്‍ നടക്കുന്നതായി പ്രാഥമിക തെളിവുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ കേന്ദ്രങ്ങളുടെ ഉള്ളിലെ ക്രമീകരണങ്ങള്‍ സാധാരണ വെല്‍നസ് പാര്‍ലറുകളുടേതിന് സമാനമായിരുന്നില്ലെന്നാണ് കണ്ടെത്തല്‍. ഓരോ കേന്ദ്രത്തിനുള്ളിലും മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കിയിരുന്ന മൂന്നോ നാലോ മുറികള്‍ ഉണ്ടായിരുന്നു. മദ്യം, ബീഡി, സിഗരറ്റ്, പെട്രോള്‍ നിറച്ച ക്യാനുകള്‍ എന്നിവ പോലും അവിടെ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഈ കേന്ദ്രങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയ സ്ത്രീകളെ മനുഷ്യക്കടത്ത് വിരുദ്ധ നടപടിക്രമങ്ങള്‍ പ്രകാരം ഇരകളായാണ് പരിഗണിക്കുന്നതെന്ന് ഗുരുഗ്രാം പൊലീസ് അറിയിച്ചു. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, പെട്രോള്‍, ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡറുകള്‍ (DVR-കള്‍) എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളും കണ്ടെടുത്തു. മസാജ് പാര്‍ലറുകളുടെ മറവില്‍ നിയമവിരുദ്ധമായ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

Content Highlights: Police and the Haryana Women Commission jointly inspected 18 spas at a Gurugram mall following complaints from around 100 people, including doctors. Authorities said 30 women were rescued, including three reportedly underage girls, while unlawful activities were found at eight locations. Twenty people were taken into custody.

To advertise here,contact us