ന്യൂഡൽഹി: ഡല്‍ഹിയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് എസ്ഐആര്‍ നോട്ടീസ് അയച്ച് ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷന്. അരവിന്ദ് കെജ്രിവാള്, രേഖ ഗുപ്ത, എല്‍ കെ.അദ്വാനി, മനീഷ് സിസോദിയ, കപില്‍ സിബല്‍ എന്നിവര്‍ക്ക് നോട്ടീസ് നല്കി. അര്‍ഹതയുള്ള ആരും എസ്ഐആറിലൂടെ പുറത്താവില്ലെന്നും, അര്ഹതയില്ലാത്തവരാരും ഇടംപിടിക്കില്ലെന്നും കമ്മീഷന് പ്രസ്താവനയിലൂടെ അറിയിച്ചു.
നോട്ടീസ് നല്‍കിയത് പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കാനല്ലെന്നുമാണ് തെരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം.
ബിജെപി നേതാവ് വീരേന്ദ്ര സച്ദേവയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പഴയ പട്ടികയുമായി വിവരങ്ങള്‍ മാപ്പ് ചെയ്യാനാകാത്തവര്‍ക്കും പൊരുത്തക്കേടുകള്‍ കണ്ടെത്തിയവര്‍ക്കുമാണ് നോട്ടീസ് നല്‍കുന്നത്. രേഖകള്‍ പരിശോധിച്ച ശേഷം അര്‍ഹരായവരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും കമ്മീഷന് വിശദീകരിച്ചു. തലസ്ഥാനത്ത് നടന്ന എസ്ഐആര്‍ പരിശോധനയ്ക്കിടെ വിഐപികള്‍ക്കും പ്രത്യേക വോട്ടര്‍മാര്‍ക്കും നോട്ടീസുകള്‍ നല്‍കിയതായി മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിശദീകരണം.
നവംബര്‍ നാലിനാണ് എസ്ഐആര്‍ പൂര്‍ത്തിയാക്കി ദില്ലിയില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 47.5 ലക്ഷം പേരുകള്‍ വെട്ടിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. കരട് പട്ടികയില്‍ ഉള്‍പ്പെട്ട 97.5 ലക്ഷം വോട്ടര്‍മാരില്‍ 33.12 ലക്ഷം പേര്‍ക്കാണ് കമ്മീഷന് നോട്ടീസയച്ചത്.
Content Highlights: The Election Commission clarified that SIR notices issued in Delhi do not by themselves mean that voters’ names will be deleted from the electoral roll.