ന്യൂഡല്‍ഹി: ആഢംബരവാഹനത്തില്‍ സഞ്ചരിച്ചതിന് പിന്നാലെ വിമര്‍ശങ്ങളേറ്റുവാങ്ങി ബിഹാര്‍ എംഎല്‍എയും ഗായികയുമായ മൈഥിലി ഠാക്കൂര്‍. മുംബൈയിലെ ലാല്‍ബൗഗ്ച രാജ മണ്ഡപത്തില്‍ റോള്‍സ് റോയ്സ് കള്ളിനനില്‍ മൈഥിലി വന്നിറങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സെപ്റ്റംബര്‍ 15-നാണ് മൈഥിലി ലാല്‍ബാഗ്ച രാജയിലെത്തിയത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ ഇത്രയും വിലയേറിയ വാഹനം എങ്ങനെ സ്വന്തമാക്കാനായെന്നാണ് ഉയരുന്ന ചോദ്യം.
മുംബൈയില്‍ ഈ വാഹനത്തിന്റെ ഓണ്‍-റോഡ് വില 13 കോടി രൂപയ്ക്ക് മേലെയാണെന്നാണ് വിവരം. പിന്നാലെ മൈഥിലി ഠാക്കൂറിനെ പിന്തുണച്ച് എംപിയും നടിയുമായ കങ്കണ റണാവത്ത് രംഗത്തെത്തി. രാഷ്ട്രീയക്കാര്‍ സ്വന്തം ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോഴെല്ലാം വിമര്‍ശകര്‍ക്ക് വേദന തോന്നുന്നത് എന്തുകൊണ്ടാണെന്ന് കങ്കണ ചോദിച്ചു.
'രാഷ്ട്രീയക്കാര്‍ നല്ല ജീവിതം നയിക്കുന്നത് കാണുമ്പോഴെല്ലാം ചിലര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. ഇപ്പോള്‍ നമ്മുടെ യുവ എംഎല്‍എ ആഢംബര കാര്‍ ഉപയോഗിക്കുന്നതിന്റെ പേരില്‍ ട്രോളുകള്‍ നേരിടുന്നു. നമ്മള് സാമൂഹിക സേവനം ചെയ്യുന്നുണ്ടാവാം. പക്ഷേ നമുക്ക് സ്വന്തമായി ഒരു കരിയര്‍, ജീവിതം, പ്രശസ്തി എന്നിവയുണ്ട്. നമ്മള് നിസ്വാര്‍ത്ഥമായി പൊതുജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നു. പക്ഷേ നമ്മള് നന്നായി ജീവിക്കുന്നത് കണ്ടാല്‍ ചിലര്‍ക്ക് വേദന തോന്നുന്നു, എന്തുകൊണ്ട്? നമുക്ക് നന്നായി ജീവിക്കാന്‍ കഴിയില്ലേ? നമുക്ക് പൊതു പണത്തില്‍ താല്‍പ്പര്യമില്ല, പക്ഷേ നമ്മള് ദരിദ്രരായി തുടരണമെന്ന് പ്രതീക്ഷിക്കുന്നത് യുക്തിരഹിതമാണ്', കങ്കണ എക്സില്‍ കുറിച്ചു.
2025 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സത്യവാങ്മൂലമനുസരിച്ച്, മൈഥിലിക്ക് 3.82 കോടി രൂപയുടെ ആസ്തിയാണുള്ളത്. എന്നാൽ ആഡംബര എസ്യുവിയുടെ ഉടമ എംഎൽഎ തന്നെയാണോ എന്നകാര്യത്തിൽ വ്യക്തത വന്നിട്ടുമില്ല.
Content Highlights: bihar mla singer maithili thakur criticised over luxury car ride