യുഎസ് താരിഫ് ഭീഷണി; ആശങ്കകള്‍ അറിയിക്കാന്‍ ഇന്ത്യ

ഇക്കാര്യത്തില്‍ കൂടുതല്‍ ആശയവിനിമയങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യുഎസ് താരിഫ് ഭീഷണില്‍ ഊര്‍ജ്ജ ആശങ്കകള്‍ അമേരിക്കയുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ച് ഇന്ത്യ. താരിഫുമായി ബന്ധപ്പെട്ട് ഇന്ത്യ യുഎസ് ഭരണകൂടവുമായി ബന്ധപ്പെട്ടു. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തില്‍ മാത്രമല്ല, അന്താരാഷ്ട്ര ഊര്‍ജ്ജ വിപണിയിലും ഈ തീരുമാനം പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കൂടുതല്‍ ആശയവിനിമയങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ എത്തുന്ന കേന്ദ്രമന്ത്രിമാരായ പിയുഷ് ഗോയല്‍, എസ് ജയശങ്കര്‍ എന്നിവര്‍ വിഷയം ചര്‍ച്ച ചെയ്യും. വ്യാപാര കരാറില്‍ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ആയുധമായി അമേരിക്ക താരിഫ് ഉപയോഗിക്കുമോ എന്ന് ആശങ്ക നിലനില്‍ക്കേയാണ് നീക്കം. യുഎസുമായി ആശയവിനിമയം നടത്തിയതായി വിദേശകാര്യമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. 140 കോടി ജനങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് അനിവാര്യമായ കാര്യമാണെന്നും വിദേശകാര്യമന്ത്രാലയം ആവര്‍ത്തിച്ചു.

'140കോടി ജനങ്ങളുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് അനിവാര്യമായ ആവശ്യകതയാണെന്നും അതിനാല്‍ ലഭ്യമാകുന്ന എല്ലാ വൈവിധ്യമാര്‍ന്ന സ്രോതസ്സുകളില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും' വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉന്നതതലത്തിലുള്ള യുഎസ് അധികൃതകരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും ഈ തീരുമാനം ഇന്ത്യയുമായുള്ള ബന്ധത്തിലും ഊര്‍ജ്ജവിപണയിലും ഉണ്ടാക്കുന്ന ആഘാതമെന്താണെന്ന് അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നു. 100ശതമാനം തീരുവ ബില്ലില്‍ ട്രംപ് ഒപ്പുവച്ച സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമോ എന്ന ചോദ്യത്തിനാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

യുക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാകാത്ത റഷ്യയെ സമ്മര്‍ദത്തിലാക്കാന്‍ കൊണ്ടുവന്ന 100%തീരുവ ബില്ലിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചത്. ഏതൊക്കെ രാജ്യങ്ങള്‍ക്ക് മേല്‍ 100%തീരുവ ചുമത്തണമെന്ന് പ്രസിഡന്റ് ട്രംപിന് അധികാരം നല്‍കുന്ന ബില്ലാണിത്. കടുത്ത റഷ്യന്‍ വിമര്‍ശകനായിരുന്ന അന്തരിച്ച സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം മുമ്പ് അവതരിപ്പിച്ച ബില്ലാണ് ഭേദഗതികള്‍ വരുത്തി യുഎസ് പാസാക്കിയത്. 500ശതമാനം തീരുവ ചുമത്തണമെന്നായിരുന്നു ഗ്രഹാമിന്റെ വാദം. ഇതാണ് നൂറു ശതമാനമായി കുറച്ചത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് യുഎസില്‍ എത്താനിരിക്കേയാണ് ബില്ലില്‍ ട്രംപ് ഒപ്പുവച്ചിരിക്കുന്നത്.

Content Highlights: India is expected to communicate its concerns over the US tariff threat as discussions continue on trade and economic relations between the two countries

To advertise here,contact us