ചെന്നൈ: റിയാലിറ്റി ഷോയിലെ വിവാദ പ്രസ്താവനയില്‍ വിശദീകരണവുമായി വിജയ് സേതുപതി. ‘വിജയ്യെ വിമര്‍ശിച്ചതല്ലെന്നും പരാമര്‍ശം മത്സരാർത്ഥികളോട് മാത്രമുള്ള'താണെന്നും വിജയ് സേതുപതി പറഞ്ഞു. പുറത്തുള്ള വ്യക്തികളെക്കുറിച്ചല്ല പറഞ്ഞതെന്നാണ് വിജയ് സേതുപതിയുടെ വിശദീകരണം. തന്റെ വരാനിരിക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് വിജയ് സേതുപതി വിഷയത്തില്‍ പ്രതികരിച്ചത്.
ബിഗ് ബോസ് തമിഴ് 10 സീസണിലെ ഒരു എപ്പിസോഡില്‍ മത്സരാര്‍ത്ഥിയെക്കുറിച്ച് വിജയ് സേതുപതി നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയായ വിജയ്യുടെ ഭരണരീതിയെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു സേതുപതി ചെയ്തതെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു. വിജയ് 'മാസ്റ്റര്‍' എന്ന ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം അഭിനയിച്ചിരുന്നു. തന്റെ വരാനിരിക്കുന്ന ചിത്രമായ 'ബത്ത'യുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വെച്ച്, വിജയ്യെയും അദ്ദേഹത്തിന്റെ മകന് ജേസണ്‍ സഞ്ജയെയും കുറിച്ച് സേതുപതി സ്നേഹത്തോടെ സംസാരിച്ചു. ബിഗ് ബോസ് തമിഴ് 10ലെ തന്റെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള തെറ്റായ പ്രചാരണത്തിനും വിശദീകരണം നല്‍കുകയായിരുന്നു.
'വിവേകപൂര്‍ണ്ണമല്ലാത്ത വാഗ്ദാനങ്ങള്‍ നല്കിയ ശേഷം, പ്രശ്നങ്ങളും ഉത്തരവാദിത്തങ്ങളും ഉണ്ടാകുമ്പോള്‍ എതിര്‍പക്ഷത്തെ കുറ്റപ്പെടുത്തി ഒളിച്ചോടുന്നത് നേതൃത്വമല്ല; അതൊരു വഞ്ചനയാണ്.' എന്നായിരുന്നു ടിവി റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയോട് വിജയ് സേതുപതി പറഞ്ഞത്. ഇതിന് വിജയിയുമായി യാതൊരു ബന്ധവുമില്ലായിരുന്നിട്ടും, സേതുപതി രാഷ്ട്രീയ ലക്ഷ്യത്തോടെ പെരുമാറുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രിയുടെ നേതൃത്വത്തെ വിമര്‍ശിക്കുന്നുവെന്നും ആരോപണമുയര്‍ന്നു.
Content Highlights: Vijay Sethupathi clarified that his controversial remark on Bigg Boss Tamil 10 was directed only at the contestants and was not intended as criticism of actor and Tamil Nadu Chief Minister Vijay