ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ നിലവിലെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ചതിന് പിന്നാലെ പാർട്ടിയിലെ ഇരുവിഭാഗങ്ങൾക്കും പ്രത്യേകമായ താൽക്കാലി പേരുകളും തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ‘മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘ഫുട്ബോൾ താരം’ എന്ന തെരഞ്ഞെടുപ്പ് ചിഹ്നവും അനുവദിച്ചു. വിമത വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്’ എന്ന പേരും ‘കവർ’ എന്ന തെരഞ്ഞെടുപ്പ് ചിഹ്നവുമാണ് അനുവദിച്ചിരിക്കുന്നത്. നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മാത്രം ഈ പേരുകളും ചിഹ്നങ്ങളും താൽക്കാലികമായി ഉപയോഗിക്കാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടിയുടെ നിയന്ത്രണം സംബന്ധിച്ച ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് കമ്മീഷന്റെ നടപടി.
മമത ബാനർജിയെയും ടിഎംസിയെയും പരാമർശിക്കുന്ന പേരുകളാണ് മമത വിഭാഗം നിർദേശിച്ച മൂന്ന് പേരുകളിൽ ഉൾപ്പെടുന്നതെന്നാണ് ഇത് സംബന്ധിച്ച വൃത്തങ്ങൾ പറയുന്നത്. സമർപ്പിച്ച രണ്ട് ചിഹ്നങ്ങളും കായികരംഗവുമായി ബന്ധപ്പെട്ട ക്രിക്കറ്റ് ബാറ്റ്, ഫുട്ബോളർ എന്നിവയാണെന്നാണ് റിപ്പോർട്ട്.
നേരത്തെ തൃണമൂൽ കോൺഗ്രസിൻ്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ഔദ്യോഗിക പക്ഷം തങ്ങളാണെന്ന ഇരുപക്ഷത്തിൻ്റെയും അവകാശവാദത്തിന് പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി. ഇതിന് പിന്നാലെ ഇരുവിഭാഗങ്ങളോടും പേരുകളും ചിഹ്നങ്ങളും നിർദ്ദേശിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു. ഇരുവിഭാഗവും തങ്ങൾ ആവശ്യപ്പെടുന്ന ഒന്നിലേറെ പേരുകളും ചിഹ്നങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമത ബാനർജി, ഋതബ്രത ബാനർജി വിഭാഗങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ താൽക്കാലിക പേരും ചിഹ്നവും നിർദ്ദേശിച്ചത്. 1998-ൽ കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞാണ് മമത ബാനർജി ടിഎംസി രൂപീകരിച്ചത്. അന്നുമുതൽ കൈകൊണ്ട് വരച്ച ‘പൂവും പുല്ലും’ ചിഹ്നം പാർട്ടിയുടെ ജനകീയ അടിത്തറയുമായി ഏറെ ബന്ധപ്പെട്ട ഒന്നായി മാറുകയായിരുന്നു.
ഇതിനിടെ ഇസിഐയുടെ ഇടക്കാല ഉത്തരവിനെതിരെ മമത വിഭാഗം ‘ശക്തമായ പ്രതിഷേധം’ രേഖപ്പെടുത്തിയിട്ടുണ്ട്. ബംഗാൾ ബിജെപി അധ്യക്ഷൻ സമിക് ഭട്ടാചാര്യ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടിയെ ‘ദൈവനീതി’ എന്നാണ് വിശേഷിപ്പിച്ചത്. നോർത്ത് 24 പർഗാനാസിൽ താമരപ്പൂവിന്റെ ചിത്രമുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് ടിഎംസി നേരത്തെ വിലക്കേർപ്പെടുത്തിയ സംഭവവും അദ്ദേഹം പരാമർശിച്ചു. ഇത് ദൈവനീതിയാണ്. നോർത്ത് 24 പർഗാനാസിലുടനീളം താമരപ്പൂവിന്റെ ചിത്രമുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് തൃണമൂൽ ഒരിക്കൽ വിലക്കേർപ്പെടുത്തിയിരുന്നുവെന്ന് ഓർക്കണം. ടിഎംസിയുടെ ചിഹ്നം നിലനിൽക്കുന്നുണ്ടോ ഇല്ലയോ എന്നത് ജനങ്ങൾക്ക് യാതൊരു വ്യത്യാസവും ഉണ്ടാക്കില്ല. കാരണം, ഇനി തൃണമൂൽ എന്നൊരു പാർട്ടിയില്ല, തൃണമൂൽ മരിച്ചുകഴിഞ്ഞു, തൃണമൂൽ അവസാനിച്ചുകഴിഞ്ഞു എന്നായിരുന്നു സമിക് ഭട്ടാചാര്യയുടെ പ്രതികരണം.
പശ്ചിമ ബംഗാളിൽ റെജിനഗറിലും നന്ദിഗ്രാമിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസ് വിമത വിഭാഗം രണ്ടിടത്തും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. റെജിനഗറിൽ സഫിയുദ്ദീൻ ഷെയ്ഖും നന്ദിഗ്രാമിൽ മുഹമ്മദ് എതേഷാമുൽ ഹഖ് എന്നിവരാണ് തൃണമൂൽ ഋതബ്രത വിഭാഗം സ്ഥാനാർത്ഥികൾ. തൃണമൂൽ കോൺഗ്രസിലെ പിളർപ്പിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.
കഴിഞ്ഞ മെയ്മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടിഎംസിക്ക് നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ ഉടലെടുത്ത വിമതനീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങൾ. ആദ്യമായി എംഎൽഎയായ റിതബ്രത ബാനർജിയാണ് വിമതനീക്കത്തിന്റെ മുഖമായി മാറിയത്. പിന്നാലെ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ജൂണിൽ സംസ്ഥാന നിയമസഭയിലെ ടിഎംസിയുടെ 80 എംഎൽഎമാരിൽ 60 ഓളം പേരുടെ പിന്തുണ അദ്ദേഹത്തിന് ലഭിച്ചു. വിമത എംഎൽഎമാർ അദ്ദേഹത്തെ ടിഎംസിയുടെ നിയമസഭാ കക്ഷി നേതാവായി പിന്തുണച്ചു. ഇതിന് പിന്നാലെ നിയമസഭാ സ്പീക്കർ അദ്ദേഹത്തെ പ്രതിപക്ഷ നേതാവായി അംഗീകരിച്ചു. മമത ബാനർജി തന്നെ തങ്ങളുടെ മൊത്തത്തിലുള്ള നേതാവായി തുടരുമെന്ന് വിമത എംഎൽഎമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ പാർട്ടിയുടെ പ്രവർത്തനരീതിയിൽ മാറ്റം വേണമെന്നും ടിഎംസി ജനറൽ സെക്രട്ടറി കൂടിയായ മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ ഇടപെടലിനെ എതിർക്കുന്നതായും അവർ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ടിഎംസിയിൽ നിന്ന് വേർപിരിയാൻ വിമത വിഭാഗത്തിന് പദ്ധതിയുണ്ടായിരുന്നില്ലെന്നും റിതബ്രത പറഞ്ഞിരുന്നു.
ഇതിന് ശേഷം വിമതനീക്കം കൂടുതൽ വിപുലമായ സംഘടനാ വെല്ലുവിളിയായി മാറുകയായിരുന്നു ജൂൺ 22ഓടെ മമത ബാനർജിയെ ടിഎംസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതായും തങ്ങളാണ് ‘യഥാർഥ ടിഎംസി’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അധ്യക്ഷനായി മുതിർന്ന എംഎൽഎ അരൂപ് റോയിയെ നിയമിച്ചതായും റിതബ്രതയുടെ നേതൃത്വത്തിലുള്ള വിഭാഗം അവകാശപ്പെട്ടു. എന്നാൽ മമതയുടെ വിശ്വസ്തർ ഈ നീക്കം തള്ളിക്കളയുകയും മമത ബാനർജിയാണ് പാർട്ടി നേതാവ് എന്ന നിലപാട് സ്വീകരിക്കുകയുമായിരുന്നു.
The Election Commission has allotted temporary names and election symbols to the rival Trinamool Congress factions led by Mamata Banerjee and Ritabrata Banerjee following the party dispute.