നിതാരി കൊലപാതക പരമ്പര; കുറ്റവിമുക്തനാക്കപ്പെട്ട സുരേന്ദ്ര കോലി മരിച്ച നിലയില്‍

ഏതാനും മാസങ്ങളായി ഹരിദ്വാറില്‍ വാടകയ്ക്ക് ചായക്കട നടത്തിവരികയായിരുന്നു സുരേന്ദ്ര കോലി

ഹരിദ്വാര്‍: രാജ്യത്തെ നടുക്കിയ നിതാരി കൊലപാതക പരമ്പര കേസില്‍ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയ സുരേന്ദ്ര കോലിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സുരേന്ദ്ര കോലി നടത്തി വന്നിരുന്ന ചായക്കടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

നാട്ടുകാരാണ് സരേന്ദ്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ചത് നിതാരി കൊലപാതക പരമ്പര കേസിലെ പ്രതിയായിരുന്ന സുരേന്ദ്ര കോലിയാണെന്ന് വ്യക്തമായത്. ഏതാനും മാസങ്ങളായി ഹരിദ്വാറില്‍ വാടകയ്ക്ക് ചായക്കട നടത്തിവരികയായിരുന്നു സുരേന്ദ്ര കോലി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

2005-2006 കാലഘട്ടത്തിലായിരുന്നു നോയിഡയിലെ നിതാരിയില്‍ കൊലപാതക പരമ്പര അരങ്ങേറിയത്. 2006 ഡിസംബറില്‍ പ്രദേശത്തെ ഡ്രെയ്‌നേജില്‍ നിന്ന് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. കേസിലെ മറ്റൊരു പ്രതിയായിരുന്ന മൊനീന്ദര്‍ സിങ് പാന്തെറിന്റെ വീടിന് മുന്നില്‍ നിന്നായിരുന്നു അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. ഈ വീട്ടിലെ ജോലിക്കാരനായിരുന്നു സുരേന്ദ്ര കോലി. വിശദമായ ചോദ്യം ചെയ്യലില്‍ കൊലപാതക പരമ്പര ചുരുളഴിയുകയും മൊനീന്ദറിനെയും സുരേന്ദ്ര കോലിയേയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേസില്‍ വിചാരണക്കോടതി സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ അലഹബാദ് ഹൈക്കോടതി 2009ല്‍ സുരേന്ദ്ര കോലിക്ക് വധശിക്ഷ വിധിച്ചു. കൂട്ടുപ്രതിയായ മൊനീന്ദര്‍ സിങ് പാന്തറിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. അപ്പീലുമായി സുരേന്ദ്ര കോലി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2011ല്‍ തള്ളി. തുടര്‍ന്ന് 2014ല്‍ സുരേന്ദ്ര കോലി തിരുത്തല്‍ ഹര്‍ജി നല്‍കി.

ഹർജി പരിഗണിച്ച സുപ്രീംകോടതി 2011 ഫെബ്രുവരി 15ലെ ഉത്തരവ് തിരുത്തി. കൊലപാതകം, ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്ന് നിരീക്ഷിച്ച് സുരേന്ദ്ര കോലിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഇയാൾ ജയിൽ മോചിതനായത്.

Content Highlights- Surendra Koli main accused in Nithari serial murders found dead in tea shop in haridwar

To advertise here,contact us