കൊല്‍ക്കത്ത: ബംഗാളിലെ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണച്ച സ്ഥാനാര്‍ഥിയാണ് അറസ്റ്റിലായത്. മമത ബാനര്‍ജിയുടെ പിന്തുണ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് പഴയ കൊലപാതകക്കേസില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന് പ്രധാന് അറസ്റ്റിലായത്.
2007ല്‍ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രതിഷേധത്തിനിടെ ഒരു കൊലപാതകക്കേസില്‍ മിലന് പ്രധാന് അറസ്റ്റിലായിരുന്നു. മമത ബാനര്‍ജിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക പോരാട്ടങ്ങളിലൊന്നാണ് 2007ല്‍ നന്ദിഗ്രാമില്‍ നടന്ന പ്രതിഷേധം. 34 വര്‍ഷം പശ്ചിമ ബംഗാള്‍ ഭരിച്ച ഇടതുമുന്നണിക്കെതിരെ പ്രചാരണം നടത്താന്‍ ഇത് തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചു. ഒടുവില്‍ 2011 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുകയായിരുന്നു.
2026ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുന്നത് വരെ ബംഗാള്‍ തുടര്‍ച്ചയായി ഭരിച്ചത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. ഇന്ന് കാളിഘട്ടിലെ തന്റെ വസതിയില്‍ നടന്ന പത്രസമ്മേളനത്തില്‍ നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ മമത പക്ഷ സ്ഥാനാര്‍ത്ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ടിഎംസി നേതാവായ സഞ്ചിത ദേ പ്രധാന് വെള്ളിയാഴ്ച പത്രിക പിന്‍വലിച്ചത്. പത്രിക പിന്‍വലിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേയായിരുന്നു നടപടി. സുവേന്ദു അധികാരിയും സഞ്ചിത ദേ പ്രധാനും ചര്‍ച്ച നടത്തുന്ന തരത്തിലുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സഞ്ചിത ദേ പ്രധാന്റെ നീക്കത്തിന് പിന്നാലെ ജനാധിപത്യത്തിന്റെ കറുത്ത ദിനം എന്നാണ് മമത പ്രതികരിച്ചത്. ഇതോടെ മമത പക്ഷം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മിലന് പ്രധാനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മമത ബാനര്‍ജിയുടെ ശക്തികേന്ദ്രമായ നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയാണ് ഏപ്രിലില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടിയ അധികാരി ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം ഒഴിയുകയാണ് ഉണ്ടായത്. ഇതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
Content Highlights: Congress candidate Milan Pradhan was arrested in connection with an old case in West Bengal’s Nandigram, hours after Mamata Banerjee announced support for him in the bypoll. The arrest followed the withdrawal of TMC-backed candidate Sanchita De Pradhan after her meeting with Suvendu Adhikari