ദിഷ സാലിയന്റെ മരണത്തിലെ CBI നടപടി;നാളെ ഡോണള്‍ഡ് ട്രംപിന്റെ പേരും കേസില്‍ ഉള്‍പ്പെട്ടേക്കാമെന്ന് ഉദ്ദവ് താക്കറെ

ദിഷയുടെ മരണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉദ്ദവിന്റെ മകന്‍ ആദിത്യ താക്കറെയും പറഞ്ഞു

മുംബൈ: മരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍ സെക്രട്ടറി ദിഷ സാലിയാന്റെ ദുരൂഹ മരണത്തില്‍ മകന്‍ ആദിത്യ താക്കറെയെ സിബിഐ പ്രതിചേര്‍ത്തതില്‍ മൗനം വെടിഞ്ഞ് ശിവസേന യുബിടി നേതാവ് ഉദ്ദവ് താക്കറെ. കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും തനിക്കോ മകനോ ഇതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിഷയുടെ മരണം ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും എന്തിനാണ് തങ്ങളെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും താക്കറെ ചോദിച്ചു. കേസില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. ഇത് പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമാണ്. നാളെ നിങ്ങളുടെ പേരുകളും ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടേക്കാം എന്നാണ് ദേശീയ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. ഈ അന്വേഷണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിലേക്ക് വരെ നീങ്ങിയേക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. എന്തുകൊണ്ട് നിങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയുടെ പേര് കൂടി ഇതിലേക്ക് വലിച്ചിഴച്ചുകൂടായെന്നും എന്നും ഉദ്ദവ് ചോദിച്ചു. സിബിഐ വ്യക്തിഹത്യ നടത്താന്‍ പാടില്ലെന്ന് പറഞ്ഞ അദ്ദേഹം കേസിനെ നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി.

ദിഷയുടെ മരണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉദ്ദവിന്റെ മകന്‍ ആദിത്യ താക്കറെയും പറഞ്ഞു. ദിഷയെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് ഇന്നലെ ഒരു ഓണ്‍ലൈന്‍ പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ചിലര്‍, തെളിവുകളില്ലാതെ മനഃപൂര്‍വം നടത്തുന്ന വ്യക്തിഹത്യയ്ക്കുള്ള ശ്രമമാണ് തന്നെ അവരുടെ മരണവുമായി ബന്ധിപ്പിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ദിഷ സാലിയന്റെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചിത്രീകരിച്ചതിന് ആദിത്യ താക്കറെയില്‍ നിന്നും എന്‍സിപി (എസ്പി) നേതാവും മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുമായ അനില്‍ ദേശ്മുഖില്‍ നിന്നും 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് സാലിയന്‍ നിയമനടപടിക്ക് നോട്ടീസ് അയച്ചു.

2020 ജൂണ്‍ 8-ന് മുംബൈയിലെ ഒരു കെട്ടിടത്തിന്റെ 14ാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയിലാണ് ദിഷയെ കണ്ടെത്തിയത്. ആറ് ദിവസത്തിന് ശേഷം സുശാന്ത് സിംഗ് രജ്പുതിനെയും അദ്ദേഹത്തിന്റെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് അന്ന് 'ആക്‌സിഡന്റല്‍ ഡെത്ത് റിപ്പോര്‍ട്ട്' ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അടുത്തിടെ അന്വേഷണം ഏറ്റെടുത്ത സിബിഐ, സതീഷ് സാലിയന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കൊലപാതകം, കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, തെറ്റായ വിവരം നല്‍കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഏജന്‍സി കേസെടുത്തിരിക്കുന്നത്.

ആദിത്യ താക്കറെ, നടന്മാരായ ഡിനോ മോറിയ, റിയ ചക്രബര്‍ത്തി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖരുടെ പേരുകള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറ്റവാളികളെ സംരക്ഷിക്കുന്നതിനായി പൊതുഫണ്ടും ഉദ്യോഗസ്ഥരെയും പൊലീസ് സംവിധാനത്തെയും ദുരുപയോഗം ചെയ്‌തെന്നും, സംഭവങ്ങള്‍ മറച്ചുവെക്കുന്നതില്‍ ഉദ്ധവ് താക്കറെയും മറ്റുള്ളവരും പങ്കാളികളാണെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു. താക്കറെ കുടുംബാംഗങ്ങളെ കൂടാതെ, കേസില്‍ പേരുള്ള മറ്റുള്ളവരും ദിഷയുടെ മരണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് നിഷേധിച്ചിട്ടുണ്ട്.

Content Highlights: Shiv Sena UBT leader Uddhav Thackeray has broken his silence over the CBI investigation into Disha Salian’s case and the reported naming of his son Aditya Thackeray. Uddhav denied any connection to the case and described the allegations as politically motivated. He said the matter would be addressed through legal channels and questioned the manner in which political figures were being linked to the investigation.

To advertise here,contact us