ന്യൂഡല്‍ഹി: സ്ത്രീയാണെന്ന ഒറ്റക്കാരണത്താല്‍ ഹരിയാന സ്വദേശിനിക്ക് ജോലി നിഷേധിച്ച ഇന്ത്യന്‍ ഓയില്‍ കോര്പ്പഷനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ഹര്‍ജിക്കാരിക്ക് ഐഒസി 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. 1988ലാണ് എല്‍പിജി ബോട്ടിലിങ് പ്ലാന്ഡില് ഹെല്‍പ്പര്‍ തസ്തികയില്‍ ഹര്‍ജിക്കാരിക്ക് ജോലി ലഭിച്ചത്. എന്നാല്‍ സിലിണ്ടറുകള്‍ വഹിക്കുന്ന ജോലി ചെയ്യാന്‍ സ്ത്രീകള്‍ അനുയോജ്യരല്ലെന്ന കാരണം കാട്ടിയാണ് ഇവരെ ഒഴിവാക്കിയത്. സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ സ്ത്രീയാണെന്ന പേരില്‍ ജോലി നിഷേധിക്കുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, വിപുല്‍ എം പഞ്ചോളി എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കവേ സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. 'രാത്രിയോ പകലോ എന്നില്ലാതെ, പുരുഷന്മാര് വീട്ടിലില്ലാത്ത സമയം ഗ്യാസ് സിലിണ്ടറുകള്‍ ചുമക്കുകയും അവ കൈകാര്യം ചെയ്യുകയും ചെയ്യുന്നത് സ്ത്രീകളാണ്. ഈ സാഹചര്യത്തിലും സ്ത്രീയെന്ന പേരില്‍ ജോലി നിഷേധിച്ചു. ഇത് സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ്', ബെഞ്ച് ചൂണ്ടിക്കാട്ടി.
എസ് സി വിഭാഗത്തില്‍പ്പെട്ട, ഹരിയാനയിലെ കര്‍ണാലില്‍ നിന്നുള്ള സുമിത്രയാണ് ഹര്‍ജിക്കാരി. 63കാരിയായ സുമിത്ര, 38 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഐഒസിയിലെ ഹെല്‍പ്പര്‍ തസ്തികയിലേക്കുള്ള 49 പേരടങ്ങുന്ന ഷോര്ട്ലിസ്റ്റില് ഇടംപിടിച്ചത്. 43 പേര് പിന്നീട് ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടു. സ്ത്രീയായ കാരണത്താലാണ് തഴയപ്പെട്ടതെന്നാണ് പിന്നീട് സുമിത്രയ്ക്ക് ലഭിച്ച വിശദീകരണം. ജോലിയുടെ സ്വഭാവും അന്തരീക്ഷവും വ്യത്യസ്തമായ ജോലി സമയവും കണക്കാക്കി സ്ത്രീയായതിനാല്‍ ഹര്‍ജിക്കാരിയെ ഈ ജോലിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് ഐഒസി സുപ്രീംകോടതിയില്‍ വിശദീകരിച്ചത്. 1990ല്‍ ഹര്‍ജിക്കാരിക്ക് മറ്റൊരു തസ്തികയില്‍ ജോലി നല്‍കണമെന്ന് വിചാരണ കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ഐഒസി പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിക്കുകയും ഈ വിധി നിലനില്‍ക്കില്ലെന്ന് 2025 ഒക്ടോബറില്‍ കോടതി വിധിക്കുകയും ചെയ്തു. ഈ ഉത്തരവിനെതിരെയാണ് സുമിത്ര സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിക്കാരിക്ക് വിരമിക്കൽ പ്രായം അധികരിച്ചതും ഏകദേശം നാലു പതിറ്റാണ്ടായി നിയമനടപടികളുമായി മുന്നോട്ടുപോകേണ്ട സാഹചര്യമുണ്ടായതും പരിഗണിച്ചുകൂടിയാണ് ഒറ്റതവണയായി 12 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടത്.
Content Highlights: The Supreme Court directed Indian Oil Corporation to pay ₹12 lakh compensation to a Haryana woman who was denied a helper’s job at an LPG bottling plant in 1988. The court noted that she had been denied appointment because she was a woman and awarded lump-sum compensation after she reached retirement age