ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ഹോള്‍ഡിങ് കമ്പനിയായ ടാറ്റ സണ്‍സ് ലിമിറ്റഡിന്റെ ചെയര്‍മാനായി എന്‍ ചന്ദ്രശേഖരന് അഞ്ച് വര്‍ഷത്തേക്ക് കൂടി തുടരാന്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്കി. ഇതോടെ ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വ സ്ഥാനത്ത് ചന്ദ്രശേഖരന് തുടരാനാകും.
ചന്ദ്രശേഖരനെ വീണ്ടും നിയമിക്കുന്നതിനുള്ള പ്രമേയത്തെ എതിര്‍ത്ത ഏക ബോര്‍ഡ് അംഗം ടാറ്റ ട്രസ്റ്റ്സ് ചെയര്മാന് നോയല്‍ ടാറ്റയാണെന്നാണ് വിവരം. ടാറ്റ സണ്‍സിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതും ബോര്‍ഡ് പരിഗണിച്ചെങ്കിലും ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചന്ദ്രശേഖരന്റെ പുനര്‍നിയമനം നിയമവിരുദ്ധമാണെന്നാണ് ടാറ്റ ട്രസ്റ്റ്സുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ നിലപാട്. നോയല്‍ ടാറ്റ ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായും വാര്‍ഷിക പൊതുയോഗത്തില്‍ ചന്ദ്രശേഖരനെ ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കാനുള്ള നീക്കം നടത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇരു വിഭാഗങ്ങളും വിഷയത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട്. ചന്ദ്രശേഖരന്റെ നിയമനം എജിഎം അംഗീകരിക്കേണ്ടതുണ്ട്. നിലവിലെ കാലാവധി അവസാനിക്കുന്ന ഫെബ്രുവരി 20ന് ശേഷം മൂന്നാം തവണ ചെയര്‍മാനാകാന്‍ താല്പര്യമില്ലെന്ന് ചന്ദ്രശേഖരന് ഓഗസ്റ്റ് 12ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, ടാറ്റ സണ്‍സിന്റെ കോര്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രജിസ്ട്രേഷന് റദ്ദാക്കാനുള്ള അപേക്ഷ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സെപ്റ്റംബര്‍ 12ന് നിരസിച്ചിരുന്നു. ഇതോടെ നിര്‍ബന്ധിത ഓഹരി വിപണി ലിസ്റ്റിങ്ങില്‍ നിന്ന് ഒഴിവാകാനുള്ള ടാറ്റ സണ്‍സിന്റെ ശ്രമത്തിന് തിരിച്ചടി നേരിട്ടു.
ടാറ്റ സണ്‍സിന്റെ ഏകദേശം 66 ശതമാനം ഓഹരികളും ടാറ്റ ട്രസ്റ്റ്സിന്റെ ഉടമസ്ഥതയിലാണ്. അതിനാല്‍ മാനേജ്മെന്റ്, ചെയര്മാന്, മാനേജിങ് ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളിലെ നിയമനത്തില്‍ ഭൂരിപക്ഷ ഓഹരിയുടമയായ ടാറ്റ ട്രസ്റ്റ്സിന് നിര്‍ണായക സ്വാധീനമുണ്ട്. ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായ നോയല്‍ ടാറ്റയാണ് ആ കമ്പനിയെ പ്രതിനിധീകരിക്കുന്നത്. ടാറ്റ ട്രസ്റ്റ്സിലെ പ്രധാന ട്രസ്റ്റുകളിലൊന്നായ സര് ഡൊറാബ്ജി ടാറ്റ ട്രസ്റ്റും ചന്ദ്രശേഖരനെ വീണ്ടും നിയമിക്കേണ്ടതില്ലെന്ന തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
Content Highlights: N. Chandrasekaran Gets Five-Year Extension as Tata Sons Chairman Amid Noel Tata Opposition