ചെന്നൈ: തെരഞ്ഞെടുപ്പ് വിജയിച്ച് വൈകാതെ തന്നെ എംഎല്‍എ സ്ഥാനം രാജിവെക്കുകയും അതേമണ്ഡലത്തില് ഉപതെരഞ്ഞെടുപ്പിൽ മറ്റൊരു പാര്‍ട്ടിക്കുവേണ്ടി വീണ്ടും മത്സരിക്കുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയേയും ജനാധിപത്യത്തേയും അപമാനിക്കുന്നതിന് തുല്യമാണെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടില്‍ മധുരാന്തകം, ധരാപുരം മണ്ഡലങ്ങളിലെ എംഎല്‍എമാരായിരുന്ന മരഗതം കുമാരവേല്‍, പി സത്യഭാമ എന്നിവര്‍ രാജിവെച്ച് ടിവികെയില്‍ ചേര്‍ന്നിരുന്നു. തുടര്‍ന്ന് അതേ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ ടിവികെ സ്ഥാനാര്‍ത്ഥികളായി വീണ്ടും മത്സരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, കെ ഗോവിന്ദരാജന്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച്, ജനങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എമാര്‍ തിരഞ്ഞെടുക്കപ്പെടുന്നതെന്ന് ഒരു പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട് ചുരുങ്ങിയ കാലയളവിനുള്ളില്‍ രാജിവെക്കുകയും പിന്നീട് അതേ മണ്ഡലത്തില്‍ നിന്ന് വീണ്ടും മത്സരിക്കുകയും ചെയ്യുന്നത് 'ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും' വോട്ടര്‍മാരെ അപമാനിക്കുന്ന നടപടിയാണെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരം നടപടികള്‍ തടയുന്നതിനുള്ള മാര്‍ഗ്ഗരേഖകള്‍ തയ്യാറാക്കുന്നത് പരിഗണിക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവില്‍ മാര്ഗ്ഗരേഖകളില്ലെന്ന് നിരീക്ഷിച്ച കോടതി അസാധാരണ സാഹചര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമോ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കണമെന്നും നിര്‍ദ്ദേശിച്ചു. ചെന്നൈ ആസ്ഥാനമായുള്ള അഭിഭാഷകന് സുധനാണ് ഈ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ രാഷ്ട്രീയ കാരണങ്ങളാല്‍ എംഎല്‍എമാര്‍ രാജിവെക്കുന്നത് ഉപതെരഞ്ഞെടുപ്പ് ചെലവുകള്‍ നികുതിദായകരുടെ തലയില്‍ കെട്ടിവെക്കാന്‍ കാരണമാകുന്നുവെന്ന് അദ്ദേഹം വാദിച്ചു. രാജിവെക്കുന്നവരെ ഇതിനുണ്ടാകുന്ന ചെലവുകള്‍ക്ക് ഉത്തരവാദികളാക്കുന്നതിനായി, തെരഞ്ഞെടുപ്പ് ഡെപ്പോസിറ്റ് സംബന്ധിച്ച നടപടികള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ കാരണങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് അധികം വൈകാതെ രാജിവെക്കുന്ന എംഎല്‍എമാര്‍ക്ക് നിശ്ചിത കാലയളവിലേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണം പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മധുരാന്തകം, ധരാപുരം എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് സ്റ്റേ ഏര്‍പ്പെടുത്തണമെന്നും, കുമാരവേല്‍, സത്യഭാമ എന്നിവരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ തടയണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ നിലവില്‍ ഏഴ് നിയമസഭാ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഇതില്‍ തിരുച്ചി ഈസ്റ്റ് സീറ്റും ഉള്‍പ്പെടുന്നു. രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ച മുഖ്യമന്ത്രി വിജയ്, അതിലൊന്ന് നിലനിര്‍ത്തി മറ്റൊന്ന് ഒഴിഞ്ഞുകൊടുത്തതിനെത്തുടര്ന്നാണ് ഈ സീറ്റ് ഒഴിവുവന്നത്. ബാക്കിയുള്ള ആറ് സീറ്റുകള്‍ എഐഎഡിഎംകെ എംഎല്‍എമാര്‍ രാജിവെച്ച് ടിവികെ പാര്‍ട്ടിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് ഒഴിവുവന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ മധുരാന്തകം, ധരാപുരം എന്നിവിടങ്ങളില്‍ മാത്രമാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് സംബന്ധിച്ച ഹര്‍ജികള്‍ നിലനില്‍ക്കുന്ന അംബാസമുദ്രം, പെരുന്തുറൈ, കരൂര്‍, വിരാലിമലൈ, തിരുച്ചി ഈസ്റ്റ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഭരണകക്ഷിയായ ടിവികെ സര്‍ക്കാര്‍ കുതിരക്കച്ചവടം നടത്തിയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സര്‍ക്കാരിന്റെ അംഗബലം വര്‍ദ്ധിപ്പിക്കുന്നതിനായി എംഎല്‍എമാരെക്കൊണ്ട് രാജിവെപ്പിച്ച് ടിവികെയില്‍ ചേര്‍ക്കുകയും, പിന്നീട് അവരെക്കൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ അവസരമൊരുക്കുകയുമാണ് ചെയ്തതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്നാല്‍ ടിവികെ ഈ ആരോപണങ്ങള്‍ നിഷേധിച്ചു.
Content Highlights: The Madras High Court has questioned the practice of elected MLAs resigning shortly after an Assembly election and then contesting the same constituency in a bypoll on another party’s ticket. The observation came in connection with former Madurantakam MLA Maragatham Kumaravel and Dharapuram MLA P Sathyabama, who resigned, joined TVK and are contesting again from their respective constituencies.