മെഡിക്കല്‍ ഷോപ്പുകൾ ഇനി സിസിടിവി നിരീക്ഷണത്തിൽ; നിര്‍ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ ഷോപ്പുകളിലെ മരുന്നുകളുടെ വിതരണം സിസിടിവി നിരീക്ഷണത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കിയത്. 1945ലെ ഡ്രഗ്സ് റൂള്‍സില്‍ ഭേദഗതി വരുത്താനാണ് നിര്‍ദേശം. മരുന്ന് വില്‍പനയിലെ സുതാര്യത ഉറപ്പാക്കുകയും അനധികൃത വില്‍പന തടയുകയുമാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ എല്ലാ റീട്ടെയില്‍ ഫാര്‍മസികളും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമായും സ്ഥാപിക്കേണ്ടി വരും. എന്നാല്‍ ഹോള്‍സെയില്‍ മരുന്ന് വ്യാപാരികളെ ഈ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ ഷോപ്പുകളില്‍ സിസിടിവി സംവിധാനം സ്ഥാപിക്കുകയും അവയുടെ പരിപാലനം ഉറപ്പാക്കുകയും ചെയ്യുത്തതിനോടൊപ്പം റെക്കോര്‍ഡ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും സൂക്ഷിച്ചുവെക്കണമെന്നും പുറത്തിറക്കിയ കരട് വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ഫാര്‍മസി സംഘടനകള്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും അറിയിക്കാന്‍ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിനുശേഷമായിരിക്കും ഔദ്യോഗിക ഗസറ്റ് വഴി നിയമം അന്തിമമായി നടപ്പിലാക്കുക. മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നതായും അശാസ്ത്രീയമായ സ്വയംചികിത്സയും മറ്റും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി സര്‍ക്കാരിന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Content Highlight : The Union Health Ministry has proposed CCTV surveillance for medicine distribution at medical shops across India

To advertise here,contact us