മമതയ്ക്ക് കനത്ത തിരിച്ചടി;തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ്കമ്മീഷന്‍

മമത-ഋതബ്രത വിഭാഗങ്ങളോട് പുതിയ പേരും ചിഹ്നവും തെരഞ്ഞെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മമത ബാനർജി നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനും ഋതബ്രത ബാനർജി നയിക്കുന്ന വിമത വിഭാഗത്തിനും 'അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് എന്ന പേരും ചിഹ്നവും ഉപയോഗിക്കുന്നതിനാണ് വിലക്ക്. പാര്‍ട്ടിയുടെ അവകാശത്തര്‍ക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ്. മമത-ഋതബ്രത വിഭാഗങ്ങളോട് പുതിയ പേരും ചിഹ്നവും തെരഞ്ഞെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നാളെ പുതിയ ചിഹ്നം ഏതെന്ന് അറിയിക്കാനും നിർദേശമുണ്ട്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടിയാകുന്നതാണ് നടപടി.

ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ പൂക്കളും പുല്ലും ഉള്‍പ്പെട്ട ചിഹ്നവുമാണ് മരവിപ്പിച്ചിരിക്കുന്നത്. ഇരുവിഭാഗങ്ങളും പാര്‍ട്ടിക്കായി അവകാശവാദം ഉന്നയിച്ചതിനാല്‍ വിശദമായ പരിശോധന വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. നന്ദിഗ്രാം, റെജിനഗര്‍ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെട്ട് ഒക്ടോബര്‍ ആറിനാണ് നിശ്ചയിച്ചിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസില്‍ അധികാര തര്‍ക്കം ഉടലെടുത്തത്. ബിജെപി ആദ്യമായി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍ മമതയുടെയും അവരുടെ അനന്തരവന്‍ അഭിഷേകിന്റെയും നേതൃത്വത്തെ ചോദ്യം ചെയ്ത് ഒരു വിഭാഗം രംഗത്തെത്തുകയായിരുന്നു. തൃണമൂലിലെ എംഎല്‍എമാരില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്നാണ് വിമത വിഭാഗം അവകാശപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനര്‍ജി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ ഇരുവിഭാഗവും പാര്‍ട്ടി പേരും ചിഹ്നവും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിന്മേല്‍ ഇരുവിഭാഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Content Highlights: The Election Commission has temporarily frozen the Trinamool Congress name and election symbol amid a dispute between rival factions over control of the party.

To advertise here,contact us