വിജയ്‌യുടെ വിവിധ സ്റ്റൈലിലുള്ള ഗണേശ വിഗ്രഹങ്ങള്‍; ഉടനടി നീക്കം ചെയ്യണമെന്ന് ബിജെപി

മതപരമായ ഇത്തരം ആഘോഷങ്ങളെ തെരഞ്ഞെടുപ്പ് പ്രചരണ ആയുധങ്ങളാക്കി മാറ്റുന്നതിന് അണികള്‍ക്ക് വിജയ് മൗനാനുവാദം നല്‍കുകയാണെന്നും ബിജെപി

ചെന്നൈ: ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ വിവിധ സ്റ്റൈലിലുള്ള വിഗ്രഹങ്ങള്‍ നിര്‍മിച്ച് പ്രദര്‍ശിപ്പിച്ചതിനെതിരെ വിമര്‍ശനം. വിജയ്‌യുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഗില്ലിയിലെ ഉള്‍പ്പെടെയുള്ള സ്റ്റൈലുകള്‍ അനുകരിച്ചുള്ള വിഗ്രഹങ്ങള്‍ ആര്‍ കെ നഗറിലാണ് സ്ഥാപിച്ചത്. വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവ ഉടന്‍ നീക്കം ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയനാര്‍ നാഗേന്ദ്രന്‍ ആവശ്യപ്പെട്ടു.

ജനങ്ങളുടെ വികാരത്തെ ഇകഴ്ത്തുന്ന നടപടിയാണിതെന്ന് നാഗേന്ദ്രന്‍ അഭിപ്രായപ്പെട്ടു. അതേസമയം അത്തരം വിഗ്രഹങ്ങളെല്ലാം നീക്കം ചെയ്ത് കഴിഞ്ഞുവെന്നും പ്രാദേശികരായ വിജയ് ആരാധകര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ഇത്തരം വിഗ്രഹങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ടെന്നും ടിവികെ വൃത്തങ്ങള്‍ വിശദീകരിച്ചു.

മതപരമായ ഇത്തരം ആഘോഷങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണ ആയുധങ്ങളാക്കി മാറ്റുന്നതിന് അണികള്‍ക്ക് വിജയ് മൗനാനുവാദം നല്‍കുകയാണെന്ന് നാഗേന്ദ്രന്‍ ആരോപിച്ചു. തുടക്കത്തില്‍ തന്നെ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ശ്രമിക്കാത്തതാണ് എല്ലാ പരിധികളും ലംഘിച്ച് പലരും ഇത്തരം രീതികൾ തുടരാന്‍ കാരണമെന്നും ബിജെപി ആരോപിച്ചു. സംഭവത്തില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും കുറ്റക്കാര്‍ക്ക് എതിരെ നിയമപരമായി നീങ്ങണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

ഗില്ലി ചിത്രത്തിലെ കബഡി വേഷം, പാര്‍ട്ടിയുടെ പ്രചാരണത്തിന് വിജയ് ധരിച്ചിരുന്ന ടിവികെയുടെ കൊടിയുൾപ്പെടെയുള്ള വേഷം, മുഖ്യമന്ത്രി ആയതിന് ശേഷം അദ്ദേഹം ഉപയോഗിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് കോബിനേഷന്‍ എന്നിവയെല്ലാമാണ് ഗണേശ വിഗ്രഹത്തിലും ആരാധകര്‍ പരീക്ഷിച്ചത്. ഇത് പ്രദേശത്തെ ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും വന്‍ ജനക്കൂട്ടം പ്രദേശത്ത് ഒത്തുചേരുകയും ചെയ്തിരുന്നു. വിഗ്രഹങ്ങളോടൊപ്പമുള്ള പലരുടെയും സെല്‍ഫി ചിത്രങ്ങളും വൈറലായിരുന്നു.

Content Highlights: BJP has demanded the immediate removal of Ganesh idols featuring actor Vijay in various styles. The party raised the issue over the display of the idols and called for their removal. The demand has drawn attention to the use of Vijay’s likeness in Ganesh idol designs.

To advertise here,contact us