ബെംഗളൂരു വ്യാജ കാന്‍സര്‍ മരുന്ന് തട്ടിപ്പ്; ഫാര്‍മസി ഉടമ അറസ്റ്റില്‍, മുഖ്യപ്രതിക്കായി വല വിരിച്ച് പൊലീസ്

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജെയിന്‍ ഫാര്‍മസി നടത്തിവരികയാണെന്നാണ് കണ്ടെത്തല്‍

ബെംഗളൂരു: ബെംഗളൂരുവിലെ വ്യാജ കാന്‍സര്‍ മരുന്ന് തട്ടിപ്പില്‍ ഫാര്‍മസി ഉടമ അറസ്റ്റിലായി. കൃപാ ഹെല്‍ത്ത് കെയര്‍ എന്ന ഫാര്‍മസിയുടെ ഉടമ വീരേഷ് കുമാര്‍ ജെയിനാണ് പിടിയിലായത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ജെയിന്‍ ഫാര്‍മസി നടത്തിവരികയാണെന്നാണ് കണ്ടെത്തല്‍. ഈ ശൃംഖലയുടെ പ്രധാന കണ്ണി പ്രശാന്ത് എന്ന വ്യക്തിയാണെന്നാണ് പൊലീസിന്റെ നിഗമനം. ഒളിവില്‍ പോയ ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ബെംഗളൂരുവിലെ 90ഓളം ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വ്യാജ മരുന്നുകള്‍ വിതരണം നടത്തിയായിരുന്നു തട്ടിപ്പ്. അമ്പത് ശതമാനം വിലക്കുറവിലാണ് മരുന്ന് വിതരണം ചെയ്തിരുന്നത്. കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വാങ്ങി, ബ്രാന്‍ഡുകളുടെ പേര് മാറ്റി വില്‍പ്പന നടത്തുകയായിരുന്നു പിടിയിലായ വന്‍ മാഫിയയുടെ രീതി. 5 കോടി രൂപയുടെ വ്യാജ മരുന്നുകളും ഇന്‍വേയ്‌സുകളും അടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരു പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും ചേര്‍ന്ന് സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

നഗരത്തിലെ മിനര്‍വ സര്‍ക്കിളിന് സമീപമാണ് ഫാര്‍മസി പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ അന്വേഷണം സംഘം നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ മരുന്നുകള്‍ കണ്ടെടുത്തത്. ഇവ ശേഖരിച്ച് കവറുകളിലാക്കി പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ വ്യാജ ലേബല്‍ പതിപ്പിക്കും. തുടര്‍ന്ന് പകുതിയോളം വിലക്കുറവിലാണ് വിപണിയില്‍ വില്‍പന നടത്തിയിരുന്നത്. കാന്‍സര്‍ മരുന്നുകളും ഐസിയു കുത്തിവയ്പ്പുകളും അടക്കമാണ് ഇത്തരത്തില്‍ വിതരണം ചെയ്തിരുന്നത്.

തട്ടിപ്പ് പുറത്ത് വന്നതോടെ പ്രത്യേക അന്വേഷണ സംഘം കര്‍ണാടകയിലെ മറ്റ് പത്ത് ഇടങ്ങളിലും ഹരിയാന, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ മരുന്നുകളുടെ വിതരണ ശൃംഖലയുമായി കൃപ ഫാര്‍മസിക്കും വീരേഷ് കുമാറിനുമുള്ള ബന്ധം വ്യക്തമായിട്ടുണ്ട്. ബാങ്ക് ഇടപാടുകളുടെ രേഖകള്‍, മരുന്നുകള്‍ വാങ്ങിയതിന്റെയും വില്‍പന നടത്തിയതിന്റെയും വൗച്ചറുകള്‍, മറ്റ് പ്രധാന രേഖകള്‍ എന്നിവയടക്കം അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.

Content Highlights: A pharmacy owner was arrested in Bengaluru for his alleged connection to a counterfeit cancer medicine racket

To advertise here,contact us