പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് വിമത വിഭാഗം

തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്

കൊൽക്കത്ത: പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വിമത വിഭാഗം. റെജിനഗറില്‍ സഫിയുദ്ദീന്‍ ഷെയ്ഖും നന്ദിഗ്രാമില്‍ മുഹമ്മദ് എതേഷാമുല്‍ ഹഖ് എന്നിവരാണ് തൃണമൂല്‍ ഋതബ്രത വിഭാഗം സ്ഥാനാര്‍ത്ഥികള്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.

അതേസമയം, മമത ബാനര്‍ജി തന്നെ നന്ദിഗ്രാമില്‍ മത്സരിച്ചാല്‍ അവിടെ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെയും നിര്‍ത്തില്ലെന്ന് ഋതബ്രത പക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മമത ബാനര്‍ജി മത്സരിക്കാൻ തയ്യാറാകത്തതിനെ തുടർന്നാണ് വിമത വിഭാഗം നന്ദിഗ്രാമില്‍ സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഞായറാഴ്ച, മമത നയിക്കുന്ന വിഭാഗം നന്ദിഗ്രാമില്‍ നിന്നുള്ള പുതിയ മുഖമായ സഞ്ചിത പ്രധാനെയും റെജിനഗറില്‍ നിന്നുള്ള മുന്‍ എംഎല്‍എ റബിയുള്‍ ആലം ചൗധരിയെയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലും അസമിലെ ഒരു ലോക്സഭ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ ആറിന് വോട്ടെടുപ്പും ഒമ്പതിന് വോട്ടെണ്ണലും നടക്കും. നാമനിര്‍ദ്ദേശ പത്രിക ഈ മാസം ഒമ്പത് മുതല്‍ 16 വരെ സമര്‍പ്പിക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന ഈ മാസം 17ന് നടക്കും. ഈ മാസം 19 ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി രാജിവെച്ച നന്ദിഗ്രാമിലും ഹുമയൂണ്‍ കബീര്‍ രാജിവെച്ച റെജിനഗലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

Content Highlights: The rebel faction of the Trinamool Congress has announced its candidates for the West Bengal bypolls.

To advertise here,contact us