പനാജി: ലൈംഗികാതിക്രമ കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ കീഴടങ്ങി. ഗോവയിലെ കോടതിയിലാണ് തരുണ്‍ കീഴടങ്ങിയത്. 2013ല്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ബോംബെ ഹൈക്കോടതി പത്ത് വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ ശിക്ഷ ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജ പരിഗണിക്കുന്നതിന് മുമ്പ് കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങല്‍. സുപ്രീംകോടതിയില്‍ നിന്നും തനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷ ഉണ്ടെന്നാണ് തേജ്പാലിന്റെ പ്രതികരണം.
2013 നവംബറില്‍ ഗോവയില്‍ തെഹല്‍ക സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ജൂനിയര്‍ വനിതാ സഹപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതിയിലാണ് തേജ്പാലിനെതിരെ കേസെടുത്തത്. 2021ല്‍ തേജ്പാലിനെ ഗോവയിലെ വിചാരണക്കോടതി കുറ്റവിമുക്തനാക്കി ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ഗോവ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ബോംബെ ഹൈക്കോടതി ഗോവ ബെഞ്ച് ആ വിധി റദ്ദാക്കി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് ഹൈക്കോടതി തേജ്പാലിന് പത്ത് വര്‍ഷത്തെ കഠിന തടവ് വിധിച്ചത്. അതേസമയം തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്ന ഗോവന്‍ സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ ഗോവന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
ഹൈക്കോടതി വിധിക്കെതിരെ തേജ്പാല്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ പരിഗണിക്കുന്നതിന് മുമ്പ് കീഴടങ്ങണമെന്നായിരുന്നു നിര്‍ദേശം. കീഴടങ്ങിയെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമേ അപ്പീലില്‍ അടിയന്തരമായ വാദം കേള്‍ക്കൂവെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തേജ്പാല്‍ കോടതിയില്‍ കീഴടങ്ങിയത്.
Content Highlights: Former Tehelka editor in chief Tarun Tejpal surrendered before a Goa court on September 14, 2026, to begin serving a 10 year rigorous imprisonment sentence in a 2013 case