ഗാസിയാബാദ്: യുപിയിലെ ഗാസിയാബാദില്‍ വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സ്ത്രീകളുടെ അടിപിടി. സെപ്തംബര്‍ 12ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. രണ്ട് സ്ത്രീകള്‍ തമ്മിലുള്ള അടിപിടിയുടെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഗാസിയാബാദിലെ വിന്ഡ്സോര് പാരഡൈസ് റെസിഡന്‍ഷ്യല്‍ സൊസൈറ്റിയുടെ ലിഫ്റ്റിലാണ് ശ്വേത സുബേ എന്ന യുവതി തന്റെ വളര്‍ത്തുനായയുമായി കയറിയത്. പിന്നാലെ ക്ലാസ് കഴിഞ്ഞ് സ്കൂളില്‍ നിന്നും മടങ്ങിയെത്തിയ അധ്യാപിക ഹീന ബാരി ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിച്ചു. ഇത് ശ്വേത തടഞ്ഞതാണ് അടിപിടിയുടെ തുടക്കം.
ശ്വേതയുടെ സമീപനം വകവയ്ക്കാതെ ഹീന ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ആരംഭിച്ചു. തര്‍ക്കത്തിനിടയില്‍ ഹീന ലിഫ്റ്റിനുള്ളില്‍ കയറിയാതിരിക്കാന് നായയെ നിയന്ത്രിക്കുന്ന വടികൊണ്ട് ശ്വേത തടഞ്ഞു. എന്നാല്‍ തടസം മറികടന്ന് ഹീന ലിഫ്റ്റിനുള്ളില്‍ കയറി. ഇത് ഇഷ്ടപ്പെടാഞ്ഞ ശ്വേത, ഹീനയെ വടികൊണ്ടും കൈകൊണ്ടും അടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ലിഫ്റ്റ് തുറക്കാനായി ശ്വേത ശ്രമിച്ചു. ഈ സമയം ഹീന അവരെ തിരിച്ചടിക്കുകയും ഇരുവരും തമ്മില്‍ അടിപിടിയാകുകയും ചെയ്തു. പുറത്ത് വന്ന ദൃശ്യങ്ങളില്‍ ഇക്കാര്യങ്ങളെല്ലാം വ്യക്തമാണ്. പിന്നീട് ലിഫ്റ്റിന്റെ വാതില്‍ തുറന്നപ്പോൾ സൊസൈറ്റിയുടെ സെക്യൂരിറ്റി ജീവനക്കാരന് പ്രശ്നത്തില്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയുമാണ് ഉണ്ടായത്.
സംഭവത്തിന് പിന്നാലെ ഹീന നന്ദ്ഗ്രാം പൊലീസില്‍ ശ്വേതയ്ക്കെതിരെ പരാതി നല്കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചുവെന്ന് എസിപി സിയാവുദ്ദീന് അഹമ്മദ് അറിയിച്ചു. ഇരുവരുടെയും ഭാഗത്ത് നിന്നുണ്ടായ പ്രവർത്തികള്‍ പരിശോധിക്കുമെന്നും ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. റെസിഡന്‍ഷ്യല്‍ സൊസൈറ്റികളില്‍ ഇത്തരം പ്രശ്നങ്ങള്‍ ഇപ്പോള്‍ രൂക്ഷമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlights: A dispute over taking a pet dog into a lift escalated into a physical clash between two women at a residential society in Ghaziabad, Uttar Pradesh