ന്യൂഡല്‍ഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ ദക്ഷിണാഫ്രിക്കന്‍ പ്രതിനിധി ടാക്സിയില്‍ മറന്നുവച്ച പണം വീണ്ടെടുത്ത് ഡല്‍ഹി പൊലീസ്. മടങ്ങാന്‍ അരമണിക്കൂര്‍ മാത്രം ശേഷിക്കേ സൗത്ത് ആഫ്രിക്കന്‍ പ്രതിനിധിക്ക് പൊലീസ് പണം കൈമാറുകയും ചെയ്തു. ഇന്ത്യന്‍ രൂപയും യുഎസ് ഡോളറും അടക്കം മൂന്നുലക്ഷത്തിലധികം മൂല്യം വരുന്ന തുകയാണ് കാറില്‍ വെച്ച് മറന്നതെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.
പരാതി ലഭിച്ച ഉടന്‍ തന്നെ പൊലീസ് വേഗത്തില്‍ നടപടി സ്വീകരിച്ചു. അതിനാല്‍ പ്രതിനിധി സഞ്ചരിച്ച കാര്‍ വൈകാതെ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി. ബരാഖാംബാ റോഡ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പണം കണ്ടെത്തി കൈമാറിയത്. എക്സിലൂടെ ഡല്‍ഹി പൊലീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'ബാരാഖാമ്പാ റോഡ് പൊലീസ് സ്റ്റേഷനിലെ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ത്വരിതമായ നടപടിയിലൂടെ കാര്‍ കണ്ടെത്തി പണം വീണ്ടെടുത്തത്. കൃത്യമായ ഏകോപനത്തിലൂടെ, പ്രതിനിധി തിരികെ മടങ്ങാന്‍ അരമണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പണം കൈമാറാന്‍ സാധിച്ചു. കൃത്യസമയത്ത് തന്നെ പണം കൈമാറാന്‍ കഴിഞ്ഞതിനാല്‍ ഇന്ത്യയില്‍ നിന്നും സന്തോഷത്തോടെ മടങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു', ഡല്‍ഹി പൊലീസ് എക്സില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
Content Highlights: A South African delegate who attended BRICS Summit accidentally left around Rs 3 lakh in Indian and US currency in a cab in New Delhi. Delhi Police traced the vehicle, recovered the cash and returned it to the delegate about 30 minutes before his scheduled departure