ന്യൂഡല്‍ഹി: ഡ്യൂട്ടിയിലിരിക്കെ തോക്കുകള്‍ ഉപയോഗിക്കുന്ന റീല്‍ ചത്രീകരിച്ച് ഇസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസുകാരന് സസ്പെന്ഷന്. പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയില്‍ റൂഫ്ടോപ്പ് സ്നൈപ്പറായി ഡ്യൂട്ടി ചെയ്യവേയാണ് ഡല്‍ഹി പൊലീസ് കോണ്‍സ്റ്റബിളിന്റെ റീല്‍ ചിത്രീകരണം. സ്നൈപ്പറായി തോക്ക് ഉപയോഗിക്കുന്ന രംഗമാണ് റീലാക്കിയത്. ഡല്‍ഹിയിലെ ഫോറിനേഴ്സ് സെല്ലിലാണ് കോണ്‍സ്റ്റബിള്‍ ദീപക് ബംഗാര്‍ ജോലി ചെയ്യ്തിരുന്നത്. വിദേശ പ്രതിനിധികള്‍ താമസിച്ചിരുന്ന സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ സുരക്ഷയ്ക്കാണ് ഇയാളെ നിയോഗിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹം പോസ്റ്റ് ചെയ്ത രണ്ട് വീഡിയോകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി എടുത്തത്.
ഇയാള്‍ പങ്കുവെച്ച ഒരുവീഡിയോയില്‍, സിവിലിയന്‍ വസ്ത്രത്തില്‍ ബ്രിക്സ് ഉച്ചകോടി 2026 തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച് പിസ്റ്റള്‍ കൈകാര്യം ചെയ്യുന്നതായും മറ്റൊരു വീഡിയോയില്‍, ടെറസില്‍ നിന്ന് ഒരു സ്നൈപ്പര്‍ റൈഫിളിന്റെ സ്കോപ്പിലൂടെ നോക്കുന്നതും കാണാം, പശ്ചാത്തലത്തില്‍ സമീപത്തുള്ള വിവിഐപി സെന്ററുകളും ഹോട്ടലിന്റെ ചുറ്റുപാടുകളും വ്യക്തമാണ്. വളരെ സെന്‍സിറ്റീവായ ഡ്യൂട്ടി ചെയ്യവേ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് പോസ്റ്റ് ചെയ്തതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. തുടർന്നാണ് നടപടി ഉണ്ടായത്. വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തിരുന്നു.
Content Highlights: A Delhi police officer was suspended after posting an Instagram reel while on rooftop sniper duty during the 18th BRICS Summit.