ബ്രിക്സില്‍ അംഗത്വം; വര്‍ഷങ്ങളായുള്ള പാകിസ്താന്റെ കാത്തിരിപ്പ് തുടരുന്നു

രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ബ്രിക്സില്‍ ചേരാനുള്ള ശ്രമത്തിന് പ്രധാന കാരണങ്ങളിലൊന്ന്

ഇസ്ലാമാബാദ്: ബ്രിക്സില്‍ അംഗത്വത്തിനായി വര്‍ഷങ്ങളായുള്ള പാകിസ്താന്റെ കാത്തിരിപ്പ് തുടരുകയാണ്. 2023ലാണ് പാകിസ്താന്‍ ബ്രിക്സില്‍ അംഗത്വത്തിനായി അപേക്ഷ നല്‍കിയത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടായ്മയാണ് ബ്രിക്സ്. കഴിഞ്ഞ വര്‍ഷം ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യുഎഇ എന്നീ നാല് രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി ബ്രിക്സ് വിപുലീകരിച്ച് ബ്രിക്‌സ്+ ആയി മാറിയിരുന്നു. എന്നാല്‍ കൂട്ടായ്മയിലെ ഇന്ത്യയുടെ വീറ്റോ അധികാരം പാകിസ്താന്റെ അംഗത്വ നീക്കത്തിന് തിരിച്ചടിയായതോടെ ഇസ്ലാമാബാദ് ഇപ്പോഴും ബ്രിക്സിന് പുറത്താണ്.

ബ്രിക്സില്‍ അംഗത്വത്തിനായി അപേക്ഷിച്ച 29 രാജ്യങ്ങളില്‍ ഒന്നാണ് പാകിസ്താന്‍. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ബ്രിക്സില്‍ ചേരാനുള്ള ശ്രമത്തിന് പ്രധാന കാരണങ്ങളിലൊന്ന്. പാകിസ്താന്‍ ഇക്കണോമിക് സര്‍വേ പ്രകാരം രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് 3.70 ശതമാനമാണ്.

ബ്രിക്‌സ് പിന്തുണയുള്ള ന്യൂ ഡെവലപ്മെന്റ് ബാങ്കില്‍ 58 കോടി ഡോളറിന്റെ ഓഹരി പാകിസ്താന്‍ സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയ നിധിയെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും സാമ്പത്തിക സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിനുമാണ് പാകിസ്താന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള ദക്ഷിണ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന പ്രധാന കൂട്ടായ്മയായി ബ്രിക്സിന് ലഭിക്കുന്ന അംഗീകാരം വര്‍ധിക്കുന്നതിനിടെയാണ് പാകിസ്താന്‍ അംഗത്വത്തിന് അപേക്ഷ നല്‍കിയത്.

ബ്രിക്സില്‍ ചേരുന്നതിലൂടെ അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിലും രാജ്യാന്തര തലത്തില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിലും പ്രധാന പങ്ക് വഹിക്കാനാകുമെന്നാണ് പാകിസ്താന്റെ കണക്കുകൂട്ടല്‍.

Content Highlights: Pakistan’s wait for BRICS membership continues, with its 2023 application still pending amid India’s opposition and other factors

To advertise here,contact us