വന്ദേമാതരം വിവാദം: 'മഹാത്മാഗാന്ധിക്കെതിരെയും പരാതി നൽകൂ'; കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ

വന്ദേ മാതരത്തിന്റെ പഴയ പതിപ്പ് ആലപിക്കുന്നത് കുറ്റകരമാണെങ്കില്‍ മഹാത്മാഗാന്ധിക്കെതിരെയും മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനും അടല്‍ ബിഹാരി വാജ്‌പേയിക്കുമെതിരെയും പരാതി നല്‍കണമെന്നും ഖര്‍ഗെ

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന പരിപാടിയില്‍ വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ പരാതിയില്‍ അടിസ്ഥാനമില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസ് ആസ്ഥാനത്തും ഗോവയിലെ പാര്‍ട്ടി പരിപാടിയിലും വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ നല്‍കിയ പരാതിയിലാണ് പ്രതികരണം.

വന്ദേമാതരത്തിന്റെ പഴയ പതിപ്പ് ആലപിക്കുന്നത് കുറ്റകരമാണെങ്കില്‍ മഹാത്മാഗാന്ധിക്കെതിരെയും മുന്‍ പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റുവിനും അടല്‍ ബിഹാരി വാജ്‌പേയിക്കുമെതിരെയും പരാതി നല്‍കണമെന്നും ഖര്‍ഗെ പറഞ്ഞു. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഡല്‍ഹി പൊലീസിലും പരാതി ലഭിച്ചിരുന്നു. മഹാത്മാഗാന്ധി ആലപിച്ച അതേ വന്ദേമാതരമാണ് തങ്ങളും ആലപിച്ചതെന്നും എന്ത് പരാതിയാണ് അവര്‍ക്ക് നല്‍കാനാവുകയെന്നും ഖര്‍ഗെ ചോദിച്ചു.

'ജവഹര്‍ലാല്‍ നെഹ്‌റു ആലപിച്ചതും ഇതേ വന്ദേമാതരമായിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി അവര്‍ ആലപിച്ച അതേവന്ദേ മാതരമാണ് ഞങ്ങളും ആലപിക്കുന്നത്. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും ഇതുതന്നെയാണ് ആലപിച്ചത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് കുറ്റമാണെങ്കില്‍ കഴിഞ്ഞ 18 വര്‍ഷമായി അവര്‍ ഈ കുറ്റം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതേ കുറ്റമാണെങ്കില്‍ മഹാത്മാഗാന്ധിക്കെതിരെ കേസെടുക്കൂ. നെഹ്‌റുവിനെതിരെയും കേസെടുക്കൂ' എന്നായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം. നിലവിലെ വിമര്‍ശകരില്‍ പലരും ജനിക്കുന്നതിന് മുമ്പുതന്നെ ദേശീയ ഗാനങ്ങളെ സംബന്ധിച്ച് കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിരുന്നുവെന്ന് ഖര്‍ഗെ വ്യക്തമാക്കി.

ശനിയാഴ്ച കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിക്കുന്നത് നിര്‍ത്താന്‍ സോണിയ ഗാന്ധി നിര്‍ദേശം നല്‍കിയെന്നാരോപിച്ച് ബിജെപി രംഗത്തെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഖര്‍ഗെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് പിന്നാലെയാണ് വന്ദേമാതരം ആലപിച്ചത്.

വന്ദേമാതരം പാടിയവര്‍ പൂര്‍ണരൂപം ആലപിക്കുന്നത് സോണിയ ഗാന്ധിയാണ് ആദ്യം ശ്രദ്ധിച്ചതെന്നും തുടര്‍ന്ന് ഖര്‍ഗെയോട് ആംഗ്യം കാണിക്കുകയും ചെയ്‌തെന്നാണ് ആരോപണം. എന്നാല്‍ ഖാര്‍ഗെ ഏറെ നേരം നില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് ഇരിക്കാന്‍ കസേര ഒരുക്കാനാണ് സോണിയ ഗാന്ധി ആംഗ്യം കാണിച്ചതെന്ന് കോണ്‍ഗ്രസ് വിശദീകരണം. നടക്കുന്നത് മുഴുവന്‍ കള്ളപ്രചാരണമാണെന്നും സോണിയ ഗാന്ധി അങ്ങനെ ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്റെ ആരോഗ്യനില മോശമായതിനാല്‍ ഏറെ നേരം നില്‍ക്കരുതെന്ന് നിര്‍ദേശിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് അറിയിച്ചു.

തിങ്കളാഴ്ച ഗോവയില്‍ ഖര്‍ഗെ വന്ദേ മാതരം ആലപിച്ചതോടെയാണ് വിവാദം കൂടുതല്‍ ശക്തമായത്. ഗോവ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഖര്‍ഗെയും മറ്റ് നേതാക്കളും ചേര്‍ന്ന് വന്ദേ മാതരം ആലപിച്ചത്. എന്നാല്‍ ആദ്യ രണ്ട് ഭാഗങ്ങള്‍ മാത്രമാണ് ആലപിച്ചത്.

ഈ വര്‍ഷം ആദ്യം, പൊതുയോഗങ്ങള്‍, സ്‌കൂളുകള്‍, ഔദ്യോഗിക സര്‍ക്കാര്‍ ചടങ്ങുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. വന്ദേമാതരം ആലപിക്കുന്നത് മനഃപൂര്‍വം തടസ്സപ്പെടുത്തുകയോ തടയുകയോ ചെയ്യുന്ന പ്രവൃത്തി കുറ്റകരമാക്കുന്ന ബില്ലും പാര്‍ലമെന്റ് പാസാക്കിയിരുന്നു.

Content Highlights: Congress president Mallikarjun Kharge has hit back at the BJP over the Vande Mataram controversy, questioning the complaint against Sonia Gandhi and Rahul Gandhi and asking whether similar cases should also be filed against Mahatma Gandhi and Jawaharlal Nehru

To advertise here,contact us