ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ തുരങ്കം തകര്‍ന്നുവീണ സംഭവം: കാണാതായ മൂന്ന് തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി

മണ്ണിടിച്ചിലുണ്ടായ ടണലിനുള്ളില്‍ ഇനി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. തുരങ്ക നിര്‍മാണ തൊഴിലാളികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മണ്ണിടിച്ചിലുണ്ടായ ടണലിനുള്ളില്‍ ഇനി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് നിര്‍മ്മാണത്തിനിടെയുണ്ടായ ടണലിലാണ് അപകടം സംഭവിച്ചത്.

തുരങ്ക നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണും വെള്ളവും കുത്തിയൊലിച്ചാണ് അപകടം ഉണ്ടായത്. 22 പേരാണ് തുരങ്കത്തില്‍ ഉണ്ടായിരുന്നത്. 15 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നു. ഏഴ് പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായിരുന്നു. ചമോലി ജില്ലയിലെ പിപല്‍ക്കോട്ടിക്ക് സമീപമാണ് അപകടം നടന്നത്. മണ്ണിടിഞ്ഞ അവശിഷ്ടങ്ങളും വെള്ളവും 3 കിലോമീറ്റര്‍ നീളമുള്ള ടണലിനുള്ളിലേക്ക് കയറുകയായിരുന്നു.

സംഭവസമയത്ത് 22 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ ഉണ്ടായിരുന്നു. പെട്ടെന്ന് വെള്ളവും അവശിഷ്ടങ്ങളും ഒഴുകിയെത്തിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തി കൊണ്ടിരുന്ന തൊഴിലാളികള്‍ അപകടത്തിൽ പെടുകയായിരുന്നു.

Content Highlights: Three workers who went missing after a tunnel collapse in Uttarakhand were found unresponsive during the search operation, officials said.

To advertise here,contact us