ന്യൂഡല്‍ഹി: പിഎം കേയേഴ്സ് ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. 2023-24, 2024-25 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് ഇന്നലെ ഔദ്യോഗിക വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. അക്കൗണ്ട് ആഗസ്റ്റ് 6ന് ഓഡിറ്റ് ചെയ്ത് ആഗസ്റ്റ് 7ന് ഓഡിറ്റര്‍മാര്‍ ഒപ്പിട്ടു എന്നാണ് രേഖകളില്‍ ഉള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം, സംഭാവനകളിലൂടെയും നിക്ഷേപങ്ങളുടെ പലിശയിലൂടെയും 1,200 കോടിയിലധികം രൂപ ഫണ്ടിലേക്ക് ലഭിച്ചു എന്നാണ് രേഖയിലുള്ളത്.
2025 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 87 ലക്ഷം രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2025 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച്, പിഎം കെയേഴ്സ് ഫണ്ടിന്റെ അക്കൗണ്ടില്‍ 8,452 കോടി രൂപയാണ് ഉള്ളത്. കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് അടിയന്തര സാഹചര്യങ്ങളെയും ദുരന്തങ്ങളെയും നേരിടുന്നതിനായി 2020 മാര്‍ച്ചില്‍ പിഎം കെയേഴ്സ് ഫണ്ട് രൂപീകരിച്ചത്. ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ 13,000 കോടി രൂപ സമാഹരിച്ച ഈ ഫണ്ട്, ആദ്യ ആഴ്ചയില്‍ തന്നെ ഏകദേശം 3,000 കോടി രൂപ ശേഖരിച്ചിരുന്നു.
കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചതായതിനാല്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സിഎസ്ആര്‍ വിഹിതം സ്വീകരിക്കാമെന്ന് ആ ഘട്ടത്തില്‍ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ശമ്പളം സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാര്‍ അഭ്യര്‍ത്ഥനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍, ഇക്കാര്യത്തില്‍ വിവരങ്ങള്‍ ആരാഞ്ഞ് ആളുകള്‍ രംഗത്തെത്തിയപ്പോള്‍, ഈ ട്രസ്റ്റ് ഒരു പബ്ലിക് ആതോറിറ്റി അല്ലെന്നും അതിനാല്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്കാന് ബാധ്യസ്ഥമല്ലെന്നുമായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.
അടുത്തിടെ, 'പിഎം കെയേഴ്സ്' ഫണ്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളും മറ്റ് പാര്‍ലമെന്ററി ഇടപെടലുകളും, ലോക്സഭയിലെ നടപടിക്രമങ്ങളും പ്രവര്‍ത്തനരീതിയും സംബന്ധിച്ച ചട്ടങ്ങള്‍ പ്രകാരം അനുവദനീയമല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിനെ അറിയിച്ചിരുന്നു. ഈ ഫണ്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ലാത്തതിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പിന്നാലെ പ്രതിപക്ഷം വലിയ വിമര്‍ശനവും ഇതിനെതിരെ ഉന്നയിച്ചിരുന്നു.
എന്നാല്‍ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ് 2024-25 വര്‍ഷം ലഭിച്ച 8,452 കോടിയില്‍ 0.01% മാത്രണാണ് വിനിയോഗിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി. എന്തിനാണ് ഇത്രയും ഭീമന് തുക വിനിയോഗിക്കാതെ അക്കൗണ്ടില്‍ സൂക്ഷിക്കുന്നതെന്ന ചോദ്യവും അവര്‍ ഉന്നയിച്ചിട്ടുണ്ട്. അജ്ഞാതമായ കാരണങ്ങളാല്‍, അജ്ഞാതമായ ഏജന്‍സികള്‍ വഴി 'ഇംപ്ലിമെന്റേഷന്‍ ഏജന്‍സികള്‍ തിരികെ നല്കിയ' 324 കോടി രൂപയുടെ പേയ്മെന്റുകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിനൊപ്പമുള്ള രഖകള്‍ എന്തുകൊണ്ട് അപ്ലോഡ് ചെയ്തില്ല എന്നും ഭരദ്വാജ് ചോദിച്ചു.
അഞ്ജലി ഭരദ്വാജ് അടക്കം ഫണ്ടിന്റെ വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പലതവണ കോടതിയേയും വിവരാവകാശ കമ്മീഷനേയും സമീപിച്ചിരുന്നു. ഈ സുതാര്യതയില്ലായ്മ, സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും പൊതുജനങ്ങളോടുള്ള ഉത്തരവാദിത്തം പരിമിതപ്പെടുത്തുകയും ചെയ്ത 'ഇലക്ട്രല്‍ ബോണ്ട്' പദ്ധതിയെച്ചൊല്ലി ഉയര്‍ന്ന ആശങ്കകളെ അനുസ്മരിപ്പിക്കുന്നു എന്നായിരുന്നു വിഷയത്തില്‍ അവര്‍ പ്രതികരിച്ചിരുന്നത്.
വലിയ തോതിലുള്ള സംഭാവനകള്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍, പരസ്പര ആനുകൂല്യങ്ങള്‍ കൈമാറുന്നതിലൂടെയുള്ള അഴിമതിക്ക് സാധ്യതയേറുന്നു എന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള സുതാര്യതയില്ലായ്മ, ഇലക്ടറല്‍ ബോണ്ട് വിവാദങ്ങളില്‍ വെളിച്ചത്തുവന്നതുപോലുള്ള ദുരുപയോഗങ്ങള്‍ക്ക് അതായത്, പരസ്പര ആനുകൂല്യ കൈമാറ്റം, നിയന്ത്രണ നടപടികളിലെ വീഴ്ച, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നിവയ്ക്ക് വഴിവെച്ചേക്കാം എന്നും അവര്‍ പറഞ്ഞിരുന്നു.
Content Highlights: The Central government has released the PM CARES Fund audit reports for 2023-24 and 2024-25 on its official website. The report records more than ₹1,200 crore in contributions and investment interest during 2024-25, while the fund’s balance stood at ₹8,452 crore as of March 31, 2025.