'ഗ്യാനേഷ് കുമാറിനെ കൊണ്ടു പൊയ്‌ക്കൊള്ളൂ, അടുത്ത ഫ്‌ലൈറ്റില്‍ EVM അയച്ചു തരാം'; ട്രംപിനെ ട്രോളി പവന്‍ ഖേര

ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെ തിരഞ്ഞെടുപ്പു രീതിയേയും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിനെയും പ്രശംസിച്ചത്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കുവെച്ച പോസ്റ്റിനെ ട്രോളി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തേയും ഗ്യനേഷ് കുമാറിനേയും പ്രകീര്‍ത്തിച്ചുള്ള ട്രംപിന്റെ പോസ്റ്റിലാണ് പവന്‍ ഖേര മറുപടി കുറിപ്പ് പങ്കുവെച്ചത്.

'പ്രിയപ്പെട്ട ഡോണള്‍ഡ് ട്രംപ് ദയവായി ഗ്യാനേഷ് കുമാര്‍ ഗുപ്തയെ അമേരിക്കയിലേക്ക് കൊണ്ടുപോകൂ. അദ്ദേഹത്തെ അവിടെത്തന്നെ നിര്‍ത്തിക്കോളൂ. ലഭ്യമായ അടുത്ത വിമാനത്തില്‍ ഞങ്ങള്‍, ഞങ്ങളുടെ ഇവിഎമ്മുകളും (ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍) അയക്കാം. നിങ്ങള്‍ ഞങ്ങളോടു കാണിച്ച എല്ലാ അധിക്ഷേപങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും പകരമായി ഞങ്ങള്‍ക്ക് നിങ്ങളോട് ഇത്രയെങ്കിലും ചെയ്യാനാകുമല്ലോ' എന്നായിരുന്നു പവന്‍ ഖേരയുടെ എക്‌സ് പോസ്റ്റിലൂടെയുള്ള പരിഹാസം. തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്കെതിരെ കോണ്‍ഗ്രസ് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ട്രൂത്ത് സോഷ്യലിലെ കുറിപ്പിലൂടെയായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയിലെ തിരഞ്ഞെടുപ്പു രീതിയേയും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷ്ണര്‍ ഗ്യാനേഷ് കുമാറിനെയും പ്രശംസിച്ചത്. കര്‍ശനമായ പൗരത്വ തെളിവുകളും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കുന്ന 'സേവ് അമേരിക്ക ആക്ട്' എത്രയുംവേഗം പാസ്സാക്കണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ടായിരുന്നു ട്രംപിന്റെ പ്രശംസ. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാര്‍ അമേരിക്കന്‍ ഭരണകൂടത്തോട് ഉന്നയിച്ച ഒരു ചോദ്യവും ട്രംപ് തന്റെ സമൂഹ മാധ്യമ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധുവായ ഒരു ഫോട്ടോ ഐഡി പോലുമില്ലാതെ അമേരിക്കയില്‍ എങ്ങനെയാണ് തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുന്നത് എന്ന ഗ്യാനേഷിന്റെ ചോദ്യമാണ് ട്രംപ് തന്റെ പോസ്റ്റില്‍ കുറിച്ചിരുന്നത്.

ഇന്ത്യയില്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 64.6 കോടിയോളം വോട്ടര്‍മാരാണ് പങ്കെടുത്തത് എന്ന് ട്രംപ് ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഒരു ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് തപാല്‍ മാര്‍ഗ്ഗം വോട്ട് ചെയ്തത്. ഓരോ വോട്ടര്‍ക്കും കൃത്യമായ ഫോട്ടോ അടങ്ങിയ തിരിച്ചറിയല്‍ രേഖ ഉണ്ടായിരുന്നു. അതിനാല്‍, അമേരിക്കയും എത്രയും വേഗം 'സേവ് അമേരിക്ക ആക്ട്' പാസാക്കേണ്ടതുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണം എത്തിയിരിക്കുന്നത്.

Content Highlights: Congress leader Pawan Khera responded to a post shared by US President Donald Trump praising Chief Election Commissioner Gyanesh Kumar and India’s electoral system. Khera’s response came after Trump’s remarks highlighting the functioning of India’s election process and the Election Commission.

To advertise here,contact us