ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി. പരീക്ഷകളുടെ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ണായക നിര്‍ദേശം നല്കി.പരീക്ഷാ സമിതിയില്‍ നിന്ന് 600 വിഷയ വിദഗ്ധരെ മാറ്റിയിട്ടുണ്ട്. മാറ്റിയ വിദഗ്ധര്‍ക്ക് പകരം പുതിയ വിദഗ്ധരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ സമതിയില്‍ വന്‍ അഴിച്ചുപണി നടത്താനാണ് തീരുമാനം. ചോദ്യപേപ്പറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നാല് ടയര്‍ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. എന്‍ടിഎ ഓഫീസുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റും . സുരക്ഷാ ചുമതല സിഐഎസ്എഫിന് നല്‍കാനാണ് നിര്‍ദേശം.
ഒന്നിലധികം പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കും മറ്റ് ക്രമക്കേടുകള്‍ക്കും ശേഷമാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയിലെ പരീക്ഷാ സംവിധാനങ്ങളില്‍ അഴിച്ചുപണി പ്രഖ്യാപിച്ചത്. എന്‍ടിഎ പരീക്ഷാ പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നിര്‍ദേശം. എല്ലാ പരീക്ഷാ പ്രക്രിയകളുടെയും സമഗ്രമായ ഓഡിറ്റ് നടത്താനും സ്വീകരിച്ച തിരുത്തല്‍ നടപടികളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എന്‍ടിഎയോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: The NTA is undergoing a major overhaul with 600 experts transferred following a key directive from the Union Education Ministry.