ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി നേതാവും മുന്‍ ജല വകുപ്പ് മന്ത്രിയുമായ സത്യേന്ദ്ര ജെയിന് അറസ്റ്റില്‍. ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ചാണ് (എസിബി) ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത്. ഡല്‍ഹി ജല ബോര്‍ഡിലെ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകളുടെ നവീകരണ ടെന്‍ഡറുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അറസ്റ്റ്. സത്യേന്ദ്ര ജയിന് ഉള്‍പ്പെടെ ആറു പേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ഡല്‍ഹി ജല ബോര്‍ഡ് മുന്‍ സിഇഒ ഉദിത് പ്രകാശ് റായ് (ഐഎഎസ്), കരാര്‍ കണ്‍സള്‍ട്ടന്റ് അങ്കിത് ശ്രീവാസ്തവ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
ഡല്‍ഹി ജല ബോര്‍ഡിന്റെ മലിനജല സംസ്കരണ പ്ലാന്റുകള്‍ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളില്‍ വന്‍ ക്രമക്കേടുകളാണ് കണ്ടെത്തിയിരുന്നത്. കൂടാതെ ടെന്‍ഡര്‍ വ്യവസ്ഥകളില്‍ കൃത്രിമം കാണിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ നടന്നതായി ആരോപിച്ച് വിജിലന്‍സ് ഡയറക്ടറേറ്റ് പരാതി നല്‍കിയതായി ഡല്‍ഹിയിലെ അഴിമതി വിരുദ്ധ വിഭാഗം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം അറസ്റ്റിന് പിന്നാലെ നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി രംഗത്ത് വന്നു. ആരോപിക്കപ്പെടുന്ന ക്രമക്കേടുകള്‍ നടന്ന സമയത്ത് സത്യേന്ദര്‍ ജെയിന് ജയിലിലായിരുന്നുവെന്നും എഎപി വ്യക്തമാക്കി. 'ബിജെപിക്ക് ആം ആദ്മി പാര്‍ട്ടിയെ ഭയമാണെന്നതിന് ഇനിയും എത്ര തെളിവുകളാണ് വേണ്ടത്? ജല ബോര്‍ഡ് ടെന്‍ഡര്‍ നടന്ന സമയത്ത് സത്യേന്ദ്ര ജി ജയിലിലായിരുന്നു. ജയിലിലായിരുന്ന അദ്ദേഹം എങ്ങനെയാണ് ഇതില്‍ ഉത്തരവാദിയാകുന്നത്? പഞ്ചാബിലെ ആംആദ്മി പാര്‍ട്ടിയുടെ സഹ-ചുമതലക്കാരനാണ് സത്യേന്ദ്ര ജെയിന് എന്നതും അവിടെ തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു എന്നതുമാണ് ഇതിന്റെ യഥാര്‍ത്ഥ കാരണം,' എന്നാണ് ആംആദ്മി പാര്‍ട്ടി ദേശീയ മാധ്യമ വിഭാഗം ചുമതലക്കാരനായ അനുരാഗ് ധണ്ഡ എക്സില്‍ കുറിച്ചത്.
മദ്യനയക്കേസുമായി ബന്ധപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട എഎപി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ അറസ്റ്റ് നടന്നതെന്ന് ആരോപിച്ചു.
Content Highlights: Former Delhi Water Minister and AAP leader Satyendar Jain has been arrested by the Delhi Anti-Corruption Branch in a case related to tenders for upgrading sewage treatment plants under the Delhi Jal Board. Six people have reportedly been arrested in the case, including former CEO Udit Prakash Rai and contract consultant Ankit Srivastava.