തിരൂർ മലയാളം സർവകലാശാലയിലെ ജാതി അധിക്ഷേപം: 'നീതികിട്ടും വരെ ഞങ്ങളും സമരം ചെയ്യും'; ഐക്യദാര്‍ഢ്യവുമായി നേഹ ബോറ

രോഹിത് നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ ഞങ്ങള്‍ സമരം ചെയ്യും എന്നാണ് വിദ്യാര്‍ത്ഥി നേതാവ് പറഞ്ഞത്

ന്യൂഡൽഹി: തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയ ഗവേഷക വിദ്യാര്‍ത്ഥിക്ക് ഐക്യദാര്‍ഢ്യവുമായി ഐസയുടെ  (AISA) ദേശീയ പ്രസിഡന്റും ജെഎന്‍യു ഗവേഷണ വിദ്യാര്‍ത്ഥിയുമായ നേഹ ബോറ. കേരളത്തിലെ തിരൂരിലെ മലയാളം സര്‍വകലാശാലയില്‍ ജാതീയതയ്ക്കെതിരെ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടത്തുന്ന അനഘയ്ക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങളും സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥി നേതാവ് പറയുന്നത്. ഇസ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് നേഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. രോഹിത് നിയമം പ്രാബല്യത്തില്‍ വരുന്നതുവരെ ഞങ്ങള്‍ സമരം ചെയ്യും എന്നാണ് വിദ്യാര്‍ത്ഥി നേതാവ് പറഞ്ഞത്. തിരൂര്‍ മലയാളം സര്‍വകലാശാലക്ക് മുന്നില്‍ പ്രതിഷേധം നടത്തുന്ന അനഘയെ വീഡിയോ കോള്‍ ചെയ്താണ് ഇവര്‍ പിന്തുണ നല്‍കിയത്. കഴിഞ്ഞ സിജെപി - വിദ്യാര്‍ത്ഥി പ്രതിഷേധത്തിലും നേഹ നിരാഹാര സമരം നടത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനം അവസാനിപ്പിക്കുന്നതിനുള്ള രോഹിത് നിയമം നടപ്പിലാക്കണം എന്ന പ്രധാന ആവശ്യമാണ് നേഹ മുന്നോട്ട് വെച്ചിരിക്കുന്നത്.

തിരൂര്‍ മലയാളം സര്‍വകലാശാലയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഗവേഷക വിദ്യാര്‍ത്ഥി അനഘ നേരത്തെ രംഗത്ത് വന്നിരുന്നു. ജാതി അധിക്ഷേപം നേരിട്ടെന്ന പരാതിയില്‍ നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശിയായ അനഘ ശശി സമരമുഖത്തേയ്ക്ക് എത്തിയത്. ജാതി അധിക്ഷേപത്തെക്കുറിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്ന് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. ആരോപണ വിധേയനായ അധ്യാപകനെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥി നീതി ലഭിക്കും വരെ സമരം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥിക്ക് പിന്തുണയുമായി പി കെ നവാസ് എംഎല്‍എയും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണെന്ന് പി കെ നവാസ് പറഞ്ഞു. വിഷയം സര്‍വകലാശാലയ്ക്ക് പുറത്തുനിന്നുള്ള ഏജന്‍സി അന്വേഷിക്കണമെന്നും പി കെ നവാസ് പറഞ്ഞു.

Content Highlights: Neha Bora expressed solidarity with the protest at Malayalam University in Tirur, demanding justice in the alleged caste related discrimination case.

To advertise here,contact us