വീണ്ടും ഹിറ്റാകാൻ HMT വാച്ച്! സ്വാതന്ത്ര്യദിനത്തില്‍ വിറ്റഴിച്ചത് 35 ലക്ഷം രൂപയുടെ വാച്ചുകള്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി എച്ച്എംടിയുടെ വാച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും മന്ത്രി

ബെംഗളൂരു: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എച്ച്എംടി വാച്ച് കമ്പനി സ്വാതന്ത്ര്യദിനത്തില്‍ മാത്രം 35 ലക്ഷം രൂപയുടെ വാച്ചുകള്‍ വിറ്റഴിച്ചു. ലിമിറ്റഡ് എഡിഷനായും അപൂര്‍വ മോഡലുകളിലുമുള്ള വാച്ചുകള്‍ വാങ്ങുന്നതിനായി ബെംഗളൂരുവില്‍ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് എത്തിയത്. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്.

സ്വാതന്ത്ര്യദിന ശേഖരത്തിന് ലഭിച്ച വന്‍ പ്രതികരണം പൊതുമേഖലാ വാച്ച് നിര്‍മ്മാതാക്കളായ എച്ച്എംടിയെ പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വലിയ ഉത്തേജനം നല്‍കിയതായി അദ്ദേഹം പറഞ്ഞു. വാച്ചുകള്‍ വാങ്ങുന്നതിനായി ഉപഭോക്താക്കള്‍ 2.5 കിലോമീറ്ററിലധികം നീളുന്ന ക്യൂവില്‍ കാത്തുനിന്നുവെന്നും, തലമുറകളെ മറികടന്ന് എച്ച്എംടി ബ്രാന്‍ഡിനോടുള്ള താല്‍പര്യം ഇപ്പോഴും ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

എച്ച്എംടി വാച്ചുകള്‍ക്ക് ഇന്നും ജനങ്ങള്‍ക്കിടയില്‍ വലിയ താത്പര്യമുണ്ട്. ഒരു കാലത്ത് ഈ വാച്ച് ധരിക്കുന്നത് അഭിമാനത്തിന്റെയും പ്രതാപത്തിന്റെയും അടയാളമായിരുന്നു. അത് തിരികെ കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും കുമാരസ്വാമി പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷമായി എച്ച്എംടിയുടെ വാച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. മുന്‍ നിതി ആയോഗ് അംഗം വി കെ സരസ്വത് അധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിച്ച് പദ്ധതി പരിശോധിക്കുകയും ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഫാക്ടറിയെ തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായും ഞാന്‍ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു.

ഒരുകാലത്ത് ഇന്ത്യയിലെ വാച്ച് വിപണിയിലെ ജനപ്രിയ ബ്രാന്‍ഡായിരുന്ന എച്ച്എംടി, ദീര്‍ഘകാലമായി സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുകയാണ്. ബ്രാന്‍ഡിനോടുള്ള ഉപഭോക്താക്കളുടെ സ്നേഹം പ്രയോജനപ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിച്ചുവരികയാണ്. സ്വാതന്ത്ര്യദിനത്തിലെ വന്‍ പ്രതികരണം കമ്പനിയുടെ ശക്തമായ ബ്രാന്‍ഡ് മൂല്യം തെളിയിക്കുന്നതാണെന്നും, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ബ്രാന്‍ഡിനോടുള്ള താല്‍പര്യം വര്‍ധിച്ചുവരികയാണെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.

എച്ച്എംടിയോട് ജനങ്ങള്‍ ഇന്നും കാണിക്കുന്ന സ്നേഹവും വിശ്വാസവും ഏറെ പ്രോത്സാഹനം നല്‍കുന്നതാണ്. പ്രത്യേകിച്ച് യുവാക്കള്‍ എച്ച്എംടി വാച്ചുകളോട് വലിയ ആവേശമാണ് പ്രകടിപ്പിക്കുന്നത്. ബ്രാന്‍ഡിനോടുള്ള ഈ പിന്തുണയും സ്നേഹവും ഇനിയും വര്‍ധിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Content Highlights: HMT Watches clocked over ₹35 lakh in Independence Day sales in Bengaluru, drawing thousands of customers

To advertise here,contact us