ന്യൂഡല്‍ഹി: 'ദിമാഗി നക്സല്‍ പാര്‍ട്ടി' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഒറ്റ ദിവസം കൊണ്ട് നേടിയത് 2.6 ലക്ഷത്തിലധികം ഫോളോവേഴ്സിനെ. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ 'ദിമാഗി നക്സല്‍' എന്ന പ്രയോഗം നടത്തിയതിനു പിന്നാലെയാണ് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. മാവോയിസ്റ്റുകള്‍ക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടവും നേട്ടങ്ങളും പരാമര്‍ശിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അക്കൗണ്ട് ആരാണ് നിയന്ത്രിക്കുന്നതെന്ന് വ്യക്തമല്ല. 62 പോസ്റ്റുകളുമായി ഏകദേശം 35 പേരെയാണ് അക്കൗണ്ട് ഫോളോ ചെയ്തിരുന്നത്. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാല്, യൂട്യൂബര്‍ ധ്രുവ് റാത്തി, ഹാസ്യനടന് കുനാല്‍ കാംറ, നടന് പ്രകാശ് രാജ്, ഫാക്റ്റ് ചെക്കര്‍ മുഹമ്മദ് സുബൈര്‍ എന്നിവരെ ഉള്‍പ്പെടെയാണ് ഈ ആക്കൗണ്ട് ഫോളോ ചെയ്യുന്നത്.
കണ്ടന്റ് ക്രീയേറ്റര്‍ അര്പിത് ശര്‍മ, യൂട്യൂബര്‍ ശ്യാം മീര സിംഗ്, രാഷ്ട്രീയ നിരീക്ഷകന് തരുണ്‍ ഗൗതം, ഡോ. നിമോ യാദവ് 2.0, കോക്ക്റോച്ച് ജനതാ പാര്‍ട്ടി എന്നിവരെയും ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്. പ്രകാശ് രാജിന്റെ 'ദിമാഗി' സന്ദേശം റീട്വീറ്റ് ചെയ്തിട്ടുണ്ട്. 'ദിമാഗി ആകൂ… വിഡ്ഢിയാകരുത്. ചോദ്യം ചോദിക്കൂ… അടിമത്തം വേണ്ട' എന്നായിരുന്നു പ്രകാശ് രാജിന്റെ സന്ദേശം.
ആയുധധാരികളായ നക്സലുകളെ വനങ്ങളില്‍ നിന്ന് തുടച്ചുനീക്കുന്നതിലും രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് മോചിപ്പിക്കുന്നതിലും നാം വിജയിച്ചുവെന്നാണ് നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ ആയുധധാരികളായ നക്സലുകള്‍ ഇല്ലാതായെങ്കിലും, ദിമാഗി നക്സലുകള്‍ ഇപ്പോഴും നിഴലുകളില്‍ ഒളിഞ്ഞിരിക്കുന്നുവെന്ന് മോദി പറഞ്ഞിരുന്നു.
ഈ പ്രസ്താവനയ്ക്കെതിരെ നേരത്തെ രാഷ്ട്രീയ പ്രതികരണങ്ങളും ഉണ്ടായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം താന്‍ 'ദിമാഗി നക്സല്‍' ആയിരിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നാണ് പ്രതികരിച്ചത്. മോദി പ്രതിപക്ഷ നേതാക്കളെ പ്രത്യേകമായി 'ദിമാഗി നക്സലുകള്‍' എന്ന് വിളിച്ചിട്ടില്ലെന്ന വിശദീകരണവുമായി പിന്നീട് കേന്ദ്രമന്ത്രി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു രംഗത്തെത്തിയിരുന്നു.
Content Highlights: A new Instagram account named ‘Dimagi Naxal Party’ gained over 2.6 lakh followers in just one day, shortly after Prime Minister Narendra Modi mentioned “dimagi Naxals” in his Independence Day speech. The identity of the account’s operator remains unknown