സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം; ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തും, ഡല്‍ഹിയിൽ കനത്ത സുരക്ഷ

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തും വിപുലമായ പരിപാടികള്‍ നടക്കും

ന്യൂഡല്‍ഹി: എണ്‍പതാം സ്വാതന്ത്ര്യദിന നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തും. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാകും പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ എത്തുക. തുടര്‍ന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഡല്‍ഹി സ്‌ഫോടനത്തിന്റെ അടക്കം പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം.

കൊളോണിയല്‍ ഭരണത്തിന് അറുതി വരുത്തിയ സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്നതായി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 'സ്വാതന്ത്ര്യസമര സേനാനികളുടെ ധീരതയും ത്യാഗവും അര്‍പ്പണബോധവും നാം കൃതജ്ഞതയോടെ ഓര്‍ക്കുന്നു. വികസിത ഭാരതം കെട്ടിപ്പടുക്കാന്‍ അവരുടെ സ്വപ്‌നങ്ങള്‍ എന്നും നമുക്ക് പ്രചോദനമാണ്. 140 കോടി ഇന്ത്യക്കാരുടെ കരുത്തില്‍ രാജ്യം പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ കീഴടക്കുന്നു. വരും കാലങ്ങളില്‍ രാജ്യത്തിന്റെ ഈ മുന്നേറ്റം കൂടുതല്‍ വേഗത്തില്‍ തുടരട്ടെ', പ്രധാനമന്ത്രിയുടെ സന്ദേശത്തില്‍ പറയുന്നു.

ചെങ്കോട്ടയിലെ ചടങ്ങില്‍ കായിക, ശാസ്ത്ര, കാര്‍ഷിക, സാങ്കേതിക മേഖലകളില്‍ മികവ് തെളിയിച്ച അയ്യായിരത്തോളം പ്രത്യേക അതിഥികള്‍ പങ്കെടുക്കും. ആഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും 'ഹര്‍ ഘര്‍ തിരംഗ' പ്രചാരണവും സജീവമാണ്. ബില്‍ പാര്‍ലമെന്റ് പാസാക്കിയ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമായ ഇന്ന് ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിക്കും. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന പ്രധാനമന്ത്രി, രാജ്യത്തിന്റെ വികസന നേട്ടങ്ങളും ഭാവി ലക്ഷ്യങ്ങളും വിശദീകരിക്കും. സിജെപി സമരം വിജയം കണ്ടതിനുശേഷമുള്ള ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആയതിനാല്‍ യുവാക്കളെ കുറിച്ച് പ്രധാനമന്ത്രി എന്തൊക്കെ പറയുമെന്നതാണ് ആകാംക്ഷ. ഇന്നലെ രാഷ്ട്രപതിയുടെ അഭിസംബോധനയിലുടനീളം യുവാക്കളുടെ ശക്തിയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു.

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തും വിപുലമായ പരിപാടികള്‍ നടക്കും. രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ദേശീയ പതാക ഉയര്‍ത്തും. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ചടങ്ങില്‍ സമ്മാനിക്കും. വിവിധ ജില്ലകളില്‍ ചുമതലയുള്ള മന്ത്രിമാര്‍ ദേശീയപതാക ഉയര്‍ത്തും. ചടങ്ങില്‍ വന്ദേമാതരം ആലപിക്കുമോ എന്നതിലാണ് ആകാംക്ഷ. സ്‌കൂളുകളില്‍ ഇന്ന് വന്ദേമാതരം ആലപിച്ചേക്കില്ല. അതേസമയം ബിജെപി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് അമേരിക്ക രംഗത്തെത്തി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആണ് ആശംസ അറിയിച്ചത്. ട്രംപും മോദിയും തമ്മിലുള്ള സൗഹൃദം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകാന്‍ കാരണമായെന്ന് റൂബിയോ പറഞ്ഞു. യുഎസ് ജനതയുടെ പേരില്‍ ആശംസ അറിയിക്കുന്നതായും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

Content Highlights: India celebrates Independence Day as the Prime Minister is set to hoist the national flag at the Red Fort and address the nation.

To advertise here,contact us