ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി; ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി

എല്ലാ വീടുകളിലും എല്ലാ മനസുകളിലും ഇന്ന് ദേശീയ പതാക പാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് എണ്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി. മുന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന ഗാനം പതാക ഉയര്‍ത്തുന്നതിന് മുമ്പ് പൂര്‍ണമായും ആലപിച്ചു. പിന്നാലെ വിവിധ സൈനിക വിഭാഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടേയും പരേഡ് നടന്നു. രാജ്ഘട്ടിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ എത്തിയത്.

രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്തി, വന്ദേ മാതരം എല്ലാ മനസുകളിലും അലയടിക്കുന്നു എന്ന് പറഞ്ഞായിരുന്നു തന്റെ പ്രസംഗം ആരംഭിച്ചത്. എല്ലാ വീടുകളിലും എല്ലാ മനസുകളിലും ഇന്ന് ദേശീയ പതാക പാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഉത്സാഹത്തോടെ പുതിയ സ്വപ്നങ്ങളിലേക്ക് ചുവട് വെക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച ധീരന്‍മാരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യയമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങി. വന്ദേ മാതരത്തിന്റെ 150 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന ഈ വേളയാണ് ഇതിന് ഏറ്റവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ചെറിയ സ്വപ്‌നങ്ങളുമായി മുന്നോട്ട് പോകേണ്ടവരല്ലെന്നും നമ്മുടെ ചിന്തകളില്‍ വലിയ സ്വപ്‌നങ്ങളുണ്ടാകണം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'നമ്മുടെ സ്വപ്‌നങ്ങള്‍ ദൃഢമായിരിക്കണം. രാജ്യം വലിയ സ്വപ്‌നം കാണുന്നുണ്ടെന്നും 2047ഓടെ രാജ്യത്തെ വികസിത രാഷ്ടമാക്കി മാറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ജനതയുടേയും സ്വപ്‌നങ്ങള്‍ സഫലമാക്കേണ്ടതുണ്ട്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഉയര്‍ത്തിക്കൊണ്ടു വരുക എന്നതാണ് ലക്ഷ്യം. ജാതി മത വര്‍ഗ വർണ വ്യത്യസമില്ലാതെ അത് നടപ്പിലാക്കണം. ഇതിന്റെ തുടക്കമെന്നോണമാണ് രാജ്യത്തെ 25 കോടി ജനങ്ങല്‍ ദാരിദ്രത്തില്‍ നിന്ന് മുക്തരായത്.'

ലോകത്തിലെ ഏറ്റവും വേഗം വളരുന്ന സാമ്പത്തിക മേഖലയാണ് ഇന്ത്യയുടേത്. കഴിഞ്ഞ 12 വര്‍ഷം രാജ്യം വലിയ മാറ്റങ്ങള്‍ക്ക് വിധേയമായി. എല്ലാ മേഖലയിലും വലിയ നേട്ടങ്ങള്‍ ഉണ്ടായി. ഡിജിറ്റല്‍ ഇന്നൊവേഷനില്‍ മുന്നോട്ട് പോയി. മൊബൈല്‍ നിര്‍മാണത്തില്‍, റെയിവേയില്‍, ഗ്യാസ് കണക്ഷന്‍ നല്‍കുന്നതില്‍, ഇന്‍ര്‍നെറ്റ് ഉല്‍പ്പാതനത്തിലും ഉപഭോഗത്തിലും, ദരിദ്രര്‍ക്കുള്ള ശൗചാലയ നിര്‍മാണത്തില്‍ വീട് നല്‍കുന്നതില്‍ അങ്ങനെ എല്ലാ മേഖലയിലും മുന്നോട്ടി പോയി. മെട്രോ ആടക്കം ഗതാഗത സംവിധാനത്തില്‍ വേഗത കൈവരിച്ചു. ഇതെല്ലാം കൊണ്ട് തന്നെ 2047ല്‍ വികസിത ഭാരതമാകുക എന്ന ലക്ഷ്യം വിദൂരമല്ല. ഒന്നുമില്ലായ്മ എന്നതില്‍നിന്ന് വികസനത്തേലേക്ക് രാജ്യം മാറുന്നെന്നും സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റം ഉണ്ടായെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. പ്രതിരോധ രംഗത്ത് ഉത്പാദനം വര്‍ധിച്ചു. മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യ ജീവിക്കേണ്ട സാഹചര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ഞു.

രാജ്യത്തെ നിയമവ്യവസ്ഥ ശക്തവും സുതാര്യവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സെമി കണ്ടക്ടര്‍ രംഗത്ത് വിപ്ലവം തീര്‍ത്തെന്നും ഇലക്ട്രോണിക് രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ കഴിവില്‍ വിശ്വസിക്കണമെന്നും സ്വയം പര്യാപ്തത ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി. ആത്മനിര്‍ഭര്‍ ഭാരതം എല്ലാ അര്‍ഥത്തിലും യാഥാര്‍ഥ്യമാകണം. രാജ്യത്ത് ഉല്‍പ്പാദനം നടത്തണമെന്നും അദ്ദേഹം പഞ്ഞു. പ്രതിരോധ രംഗത്ത് 4 മടങ്ങ് ഉത്പാദനമുണ്ടാകും. വരാന്‍ പോകുന്ന എട്ട് വര്‍ഷം കൊണ്ട് കൂടുതല്‍ സെമി കണ്ടക്ടര്‍ പ്ലാന്റുകള്‍ നിര്‍മിക്കും. വോക്കല്‍ ഫോര്‍ ലോക്കല്‍ എന്നത് പ്രധാനം. ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വളര്‍ച്ച ഉണ്ടായി. സ്വയം പര്യാപ്തത ഉറപ്പാക്കണമെന്നും മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന വര്‍ഷങ്ങളില്‍ 5 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും. 8 വര്‍ഷത്തിനുള്ളില്‍ 5 സെമി കണ്ടക്ടര്‍ പ്ലാന്റുകള്‍. ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ നാലിരട്ടിയായി വര്‍ദ്ധിച്ചെന്നും അദ്ദേഹം വിശദീകരിച്ചു.

അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി മാത്രമല്ല രാജ്യത്തെ ആഴക്കടലിലില്‍ ഉല്‍പ്പാദനം സാധ്യമാകുമോ എന്ന് പരിശോധിക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു. പുതിയ പര്യവേഷണങ്ങള്‍ ഊര്‍ജിതമായി നടക്കുന്നു. കടലിന്റെ അടിത്തട്ടിലും രാജ്യത്തിന്റെ സാന്നിധ്യമുണ്ട്. 70 നഗരങ്ങളില്‍ പൈപ്പ് ലൈന്‍ ഗ്യാസ് വിതരണം ഉറപ്പാക്കുമെന്നും അത് 100 നഗരങ്ങളാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ബദല്‍ ഊര്‍ജ്ജ മാര്‍ഗങ്ങളെക്കുറിച്ചും ചിന്തകള്‍ നടക്കുന്നു. ബദല്‍ ഊര്‍ജ്ജമാര്‍ഗങ്ങള്‍ അനിവാര്യമാണെന്നും മോദി. പ്രകൃതി ദുരന്തങ്ങളുടെ വേദന തിരിച്ചറിയുന്നു എന്ന് പറഞ്ഞ അദ്ദേഹം മരണമടഞ്ഞവരെ അനുസ്മരിച്ചു. സൗരോര്‍ജ്ജം പരമാവധി പ്രയോജനപ്പെടുത്തും. 2014ല്‍ പൈപ്പ് വഴിയുടെ ഗ്യാസ് വളരെ കുറച്ച് മാത്രമാണ് ഉണ്ടായിരുന്നത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ന് അതല്ല സ്ഥിതി. രണ്ടു കോടിയിലധികം വീടുകളില്‍ ഇപ്പോള്‍ പൈപ്പ് വഴി ഗ്യാസ് നല്‍കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റെയില്‍വേ വികസനം 21 മടങ്ങ് കൂടി. ഹൈഡ്രജന്‍ ട്രെയിന്‍ തുടങ്ങിയത് വലിയ നേട്ടം എന്നും മോദി. ഡീസല്‍ പുറത്തുനിന്ന് ഇറക്കുമതി ചെയ്യണം. ഡീസല്‍ എന്‍ജിനുകളുടെ ഉപയോഗം കുറച്ചു. റയില്‍വേ വൈദ്യുതി വല്‍ക്കരണത്തിലൂടെ പരിസ്ഥിതിയെയും സംരക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ട്രെയിനും രാജ്യത്ത് ഇന്ന് സര്‍വീസ് നടത്തുന്നെന്നും അത് അഭിമാനകരമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. എല്ലാവര്‍ക്കും അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യക്കാരെ ആശങ്കപ്പെടുത്തുന്നതില്‍ ചിലര്‍ ആനന്ദം കണ്ടെത്തി എന്ന് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ഒളിയമ്പെറിഞ്ഞു. തെറ്റായ കാര്യങ്ങള്‍ക്ക് പ്രചരണം നടത്തി. പെട്രോള്‍ ലഭിക്കില്ല ഡീസല്‍ ലഭിക്കില്ല അത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ ചിലര്‍ നടത്തി. ഇന്ത്യക്കാരെ ഭയപ്പെടുത്താനുള്ള ശ്രമമായിരുന്നു അതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. പശ്ചിമേഷ്യന്‍ യുദ്ധസമയത്ത് പല വ്യാജ പ്രചരണങ്ങളും നടന്നു. അനാവശ്യമായി ഭയപ്പെടുത്തുന്ന സാഹചര്യമുണ്ടായി. എന്നാല്‍ പ്രതിസന്ധികള്‍ എല്ലാം ഇന്ത്യ മറികടന്നെന്നും പെട്രോളും ഡീസലും വളങ്ങളും ഇന്നും രാജ്യത്ത് ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അസംസ്‌കൃത എണ്ണ ഉത്പാദനം കൂട്ടും എന്നും മോദി പറഞ്ഞു. എല്ലാ വെല്ലുവിളികള്‍ക്കിടയിലും പൗരന്‍മാര്‍ക്ക് ഒന്നാം സ്ഥാനം നല്‍കി. കോടിക്കണക്കിന് വീടുകളില്‍ പിഎന്‍ജി എത്തിച്ച്, നമ്മള്‍ പ്രതിസന്ധി മറികടന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥിരതയുള്ള സര്‍ക്കാര്‍ ഇന്ന് രാജ്യത്തുണ്ട്. കൊവിഡിനെ ദൃഢനിശ്ചയത്തോടെ നേരിട്ടവരാണ് നമ്മള്‍. ആഹാരവും ഇന്ധനവും ഉണ്ടാകില്ലെന്ന് പറഞ്ഞവര്‍ക്ക് മറുപടിയാണ് ഇതെന്നും പ്രധാനമന്ത്രിയുടെ പരാമര്‍ശമുണ്ടായി. 40 ഓളം രാജ്യങ്ങളുമായി ഇന്ന് ഇന്ത്യയ്ക്ക് സ്വതന്ത്ര വ്യാപാര കരാറുണ്ട്. മറ്റ് രാജ്യങ്ങള്‍ പകച്ച് നിന്നപ്പോള്‍ പിന്തുണ നല്‍കാനായി. 12 വര്‍ഷവും വെല്ലുവിളികളെ ആര്‍ജവത്തോടെ നേരിട്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ലോകം മുഴുവന്‍ എത്തണം. ലോകത്തിന്റെ മാര്‍ക്കറ്റ് തുറന്നിട്ടിരിക്കുകയാണെന്നും ലോക ബ്രാന്‍ഡ് ആകാന്‍ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ല എന്നതാകണം നമ്മുടെ വിജയമന്ത്രം. നമ്മുടെ ഉത്പന്നങ്ങള്‍ ലോക ബ്രാന്‍ഡ് ആകണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2047 എന്ന ലക്ഷ്യം എല്ലാവര്‍ക്കും അറിയാമെന്നും നമുക്ക് വിശ്രമിക്കാന്‍ സമയമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുവാക്കളും സ്ത്രീകളും രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്നും രാജ്യത്തിന്റെ യാത്ര ശരിയായ ദിശയിലൂടെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ രാജ്യത്ത് യുവാക്കള്‍ക്കെ സാധിക്കൂ എന്ന് പറഞ്ഞ പ്രധാനമന്ത്രി, യുവാക്കളുമായി ചേര്‍ന്ന് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും വ്യക്തമാക്കി. യുപിഐയും ഡിജിറ്റല്‍ ഇടപാടുകളും രാജ്യത്തിന്റെ മുക്കിലും മൂലയിലുമുണ്ട്. രാജ്യത്ത് കണക്ടിവിറ്റി വര്‍ധിപ്പിക്കണം. സൈബര്‍ സുരക്ഷ പ്രധാനമാണ്. ഗ്രീന്‍ മൂവ്‌മെന്റുമായി മുന്നോട്ട് പോകുമെന്നും ബ്ലൂ എക്കോണമിയില്‍ സുവര്‍ണാവസരം ഉണ്ട്. സമുദ്ര- തീര രംഗത്ത് വലിയമുന്നേറ്റമുണ്ടാക്കാനാകണം. പ്രതിരോധരംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. ഡ്രോണ്‍, കൗണ്ടര്‍ഡ്രോണ്‍, ഹൈപ്പര്‍സോണിക് സാങ്കേതിക വിദ്യയിലും ഇന്ത്യയ്ക്ക് നിര്‍ണായക ശക്തിയാകാന്‍ കഴിയുമെന്നും മോദി പ്രസംഗത്തില്‍ വിശദീകരിച്ചു. ക്രിട്ടിക്കല്‍ മിനറല്‍ കോറിഡോര്‍ നിര്‍മിക്കണം. ഇന്ത്യന്‍ നിര്‍മിത 6ജി ആണ് ലക്ഷ്യം. കൃഷിമുതല്‍ എഐ വരെ 7 മേഖലകളിലൂന്നിയാണ് വികസനം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിലകുറഞ്ഞ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയുടെ യുവാക്കള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നു. ഒരു കോടി യുവാക്കള്‍ക്ക് എഐ പരിശീലനം നല്‍കുമെന്നും മോദി പ്രഖ്യപിച്ചു.

ഏത് വേദിയിലും രാജ്യത്തെ പെണ്‍കുട്ടികള്‍ ഇന്ന് മുന്‍നിരയിലുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി സേനയിലും ഇന്ന് വനിതകള്‍ ഉണ്ടെന്നും വ്യക്തമാക്കി. സെമി കണ്ടക്ടര്‍ പ്ലാന്റുകളില്‍ ആദിവാസി യുവതികള്‍ ജോലി ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു. ഒരു കോടി യുവാക്കള്‍ക്ക് എഐ പരിശീലനം നല്‍കുമെന്നും മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുമെന്നും പ്രഖ്യാപനവുമുണ്ടായി. വനിത സംവരണത്തിന് പിന്തുണയും പ്രസംഗത്തില്‍ മോദി തേടിയിരുന്നു. വനിതാ സംവരണം നടപ്പാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണം. നടപ്പാക്കിയതിന്റെ ക്രെഡിറ്റ് വേണ്ടെന്നും രാജ്യത്തെ മുഴുവന്‍ നേതാക്കളും പിന്തുണ നല്‍കണമെന്നും പറഞ്ഞ മോദി വനിതാ സംവരണ ബില്ല് രാഷ്ട്രീയ പ്രതികാരത്തിന്റെ ഇരയായി എന്ന വിമര്‍ശനവുമുന്നയിച്ചു.

സെന്‍സസ് നടപടിയില്‍ എല്ലാവരും പങ്കെടുക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. സമയം നമ്മുടേതാണ്, അവസരവും നമ്മുടേതാണ് എന്ന് പറഞ്ഞ ആദ്ദേഹം സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാമെന്നും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാം എന്നും ആഹ്വാനം ചെയ്താണ് പ്രസംഗം അവസാനിപ്പിച്ചത്. ഒരു മണിക്കൂറും 17 മിനിറ്റുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. അതേസമയം ചെങ്കോട്ടയിലെ സ്വാതന്ത്യ ദിനാഘോഷത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നിരുന്നു. രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും ആഘോഷത്തിനെത്തിയിരുന്നില്ല.

Content Highlights: Prime Minister Narendra Modi hoisted the national flag at the Red Fort as India began its 80th Independence Day celebrations. For the first time at the venue, the full three-minute rendition of Vande Mataram was performed before the flag hoisting, followed by a parade featuring military personnel and students.

To advertise here,contact us