പാറ്റ പരാമര്‍ശ വിവാദം: തൻ്റെ വാക്കുകള്‍ ദുരുപയോഗം ചെയ്തെന്ന് ചീഫ് ജസ്റ്റിസ്

വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുകൂടിയവര്‍ക്കെതിരെ മാത്രമാണ് പരാമര്‍ശമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വിശദീകരണം നല്‍കിയിരുന്നു

ന്യൂഡല്‍ഹി: പാറ്റ പരാമര്‍ശത്തില്‍ തൻ്റെ വാക്കുകള്‍ തെറ്റായി ദുരുദ്ദേശത്തോടെ ഉപയോഗിച്ചുവെന്നും രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നതായും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കോടതി നടപടികളുടെ ഭാഗങ്ങള്‍ അനാവശ്യമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതായും ചീഫ് ജസ്റ്റിസ് ആരോപിച്ചു. കഴിഞ്ഞ മേയില്‍ സുപ്രീം കോടതിയില്‍ വാദത്തിനിടെ താന്‍ നടത്തിയ 'പാറ്റ' പരാമര്‍ശം രാജ്യത്തെ യുവാക്കള്‍ക്കെതിരെ അല്ലായിരുന്നുവെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വ്യാജ ബിരുദങ്ങള്‍ ഉപയോഗിച്ചു നിയമരംഗത്തേക്ക് കടന്നുകൂടിയവര്‍ക്കെതിരെ മാത്രമാണ് പരാമര്‍ശമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വിശദീകരണം നല്‍കിയിരുന്നു. അന്നത്തെ പാറ്റ പരാമര്‍ശം വ്യാപകമായ യുവജന പ്രതിഷേധത്തിന് ഇടയാക്കുകയും പരിഹാസരൂപത്തിലുള്ള 'കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) എന്ന ഓണ്‍ലൈന്‍ പ്രസ്ഥാനത്തിന് രൂപം നല്‍കുകയും ചെയ്തിരുന്നു.

ഡിഡി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് വിഷയത്തില്‍ വിശദീകരണം നല്‍കിയത്. കോടതിയിലെ നടപടികളുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യമായ പശ്ചാത്തലമില്ലാതെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പരാമര്‍ശം തെറ്റായി ഉദ്ധരിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതാണെന്ന് ചീഫ് ജസ്റ്റിസ് ആവര്‍ത്തിച്ചു. താന്‍ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ പറഞ്ഞതായി അവതരിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്നും പ്രത്യേകിച്ച് രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ദുരുദ്ദേശപരമായ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. നീറ്റ്-യുജി പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ 'സിജെപി' നേതൃത്വത്തിലുള്ള പ്രതിഷേധവും അദ്ദേഹം പരാമര്‍ശിച്ചു.

സോഷ്യല്‍ മീഡിയയിലും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും കോടതി നടപടികളുടെ ഓഡിയോ, വീഡിയോ റെക്കോര്‍ഡിങ്ങുകള്‍ അനധികൃതമായി പ്രചരിപ്പിക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും വിലക്കിയുള്ള തന്റെ പുതിയ ഉത്തരവും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. കോടതി നടപടികളില്‍ സുതാര്യത അനിവാര്യമാണെങ്കിലും അതിന്റെ പേരില്‍ ദൃശ്യങ്ങള്‍ വാണിജ്യപരമായി ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മാസത്തിലേറെ നീണ്ട പ്രതിഷേധത്തിനിടെ ജൂലൈ 20ന് ജന്തര്‍ മന്തറില്‍ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഇരുവിഭാഗത്തുമുള്ള നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കുകയും ചെയ്തിരുന്നു.

Content Highlights: CJI Surya Kant says his ‘cockroach’ remark was misquoted and misused, warning against the circulation of court clips on social media without proper context

To advertise here,contact us