'രാഷ്ട്ര നിർമാണത്തിൽ എല്ലാവരും ഒന്നിക്കണം, ലക്ഷ്യം വികസിത ഭാരതം'; രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

ആര്‍ക്കും നീതി നിഷേധിക്കാന്‍ പാടില്ലെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു

ന്യൂഡൽഹി: 80-ാം സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാഷ്ട്ര നിര്‍മ്മാണത്തില്‍ എല്ലാവരും ഒന്നിക്കണം, വികസനമാണ് ലക്ഷ്യമെന്ന് 80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് ദ്രൗപതി മുര്‍മു വ്യക്തമാക്കി. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മുമ്പ് ദേശീയ ഗാനമായ വന്ദേമാതരം ആലപിച്ചു.

'ജനം സ്വപ്നങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു, സ്വപ്ന സാക്ഷത്കാരത്തിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു എന്നും രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നോട്ട് നീങ്ങുകയാണ്. വികസനം എല്ലാ ജനങ്ങളിലേക്കും എത്തണം. ആര്‍ക്കും നീതി നിഷേധിക്കാന്‍ പാടില്ല': രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ സൈനികര്‍ക്കുള്ള വിവിധ മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളാണ് പ്രഖ്യാപിച്ചത്. മലയാളി സൈനികന്‍ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര ലഭിക്കും. 19 പേര്‍ക്ക് ശൗര്യ ചക്രയും 9 പേര്‍ക്ക് കീര്‍ത്തിചക്രയും 7 പേര്‍ക്ക് മരണാനന്തര ബഹുമതിയും ലഭിക്കും.

ഇന്ത്യയെ നക്‌സല്‍ വിമുക്തമാക്കിയത് ഒരു വലിയ ദേശീയ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ദശാബ്ദങ്ങളോളം നക്‌സലിസം രാജ്യത്തിന് വലിയൊരു വെല്ലുവിളിയായിരുന്നു. ഇന്ത്യയെ നക്‌സല്‍ വിമുക്തമാക്കിയത് ഒരു വലിയ നേട്ടമാണ്. ഒരുകാലത്ത് നക്‌സലിസം ബാധിച്ചിരുന്ന പ്രദേശങ്ങളില്‍ ഇന്ന് വലിയ ആവേശമാണ് കാണപ്പെടുന്നത്. ഈ മേഖലകളില്‍ സമഗ്രമായ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഭീകര ശൃംഖലകള്‍ക്കെതിരെ കൃത്യമായ ആക്രമണങ്ങള്‍ നടത്താനുള്ള ഇന്ത്യന്‍ സായുധ സേനയുടെ കഴിവ് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചെന്നും രാഷ്ട്രപതി പറഞ്ഞു.

സര്‍ക്കാര്‍ യുവാക്കള്‍ക്കൊപ്പമെന്നും പരീക്ഷകളില്‍ സര്‍ക്കാര്‍ സുതാര്യത ഉറപ്പാക്കുന്നുവെന്നും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. മത്സര പരീക്ഷകള്‍ വലിയ അവസരങ്ങള്‍ തുറക്കുന്നുവെന്ന് പറഞ്ഞ രാഷ്ട്രപതി യുവശക്തിയെക്കുറിച്ചും പരാമര്‍ശിച്ചു. നമ്മുടെ യുവാക്കള്‍ കഴിവുള്ളവരും പ്രതിബദ്ധതയുള്ളവരുമാണ്. ഇന്ത്യന്‍ യുവാക്കളുടെ നേട്ടങ്ങളും ശക്തിയും ഇച്ഛാശക്തിയും ലോകം അംഗീകരിച്ചിരിക്കുന്നു. റോക്കറ്റ് വിക്ഷേപണത്തിന് നേതൃത്വം നല്‍കിയത് ശരാശരി 28 വയസ്സ് മാത്രം പ്രായമുള്ള യുവസംഘമെന്നും നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയുടെ ഭാവിയുടെ ശില്‍പികളാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

Content Highlights: President Droupadi Murmu addresses the nation on the eve of the 80th Independence Day

To advertise here,contact us