കൊച്ചി: കോക്രോച്ച് ജനതാപാര്‍ട്ടി പ്രതിഷേധത്തിലെ ഡിജിറ്റല്‍ നിരീക്ഷണം ചോദ്യം ചെയ്ത് എഎ റഹീം എംപി നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസ്. കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും മറുപടി നല്‍കണം. ഹര്‍ജി സുപ്രിംകോടതി സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് നടപടി.
സിജെപി സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാണ് എഎ റഹീം എംപിയുടെ ആവശ്യം. ബയോമെട്രിക് നിരീക്ഷണം സ്വകാര്യതയുടെ ലംഘനമാണെന്നും മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്നതാണെന്നും എം പി ഉന്നയിച്ചിരുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ മുഖവിവരങ്ങള്‍ ശേഖരിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഹര്‍ജിയിലൂടെ ഉന്നയിച്ചു.
വിവര ശേഖരണത്തിന് ഡല്‍ഹി പൊലീസിന് നിയമപരമായ അധികാരമില്ല. തെറ്റായ പോസിറ്റീവ് മാച്ച് നിരപരാധികളെ പ്രതിചേര്‍ക്കാന്‍ ഇടയാക്കും. സ്വകാര്യ കമ്പനികള്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ ലഭിക്കുന്നത് സുരക്ഷാലംഘനമാണ്. ഡല്‍ഹി പൊലീസിന്റെ ബയോമെട്രിക് നിരീക്ഷണം തടയണമെന്നുമാണ് എഎ റഹീം എംപി സുപ്രിംകോടതിയില്‍ ഉയര്‍ത്തുന്ന വാദം. അഭിഭാഷകന് കെ ആര് സുഭാഷ് ചന്ദ്രനാണ് എംപിക്കായി പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.
Content Highlights: The Supreme Court has issued notice on a petition filed by A A Rahim MP challenging alleged digital surveillance during the Cockroach Janata Party protest. The case relates to concerns over digital monitoring and privacy issues