RSS വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍, FCRA ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെ; ആഞ്ഞടിച്ച് പ്രതിപക്ഷം

ഇന്നലെയാണ് 'വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ബില്‍ 2026' ശബ്ദ വേട്ടോടെ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) വിട്ടത്

ന്യൂല്‍ഹി: വിദേശ സംഭാവനാ ഭേദഗതി ബില്ലില്‍ ആര്‍എസ്എസിനെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ച് പ്രതിപക്ഷ എംപിമാര്‍. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമനിര്‍മ്മാണം എന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ഒരുവശത്ത് ആര്‍എസ്എസ് വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുമ്പോള്‍, മറുവശത്ത് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെയും എന്‍ജിഒകളെയും ലക്ഷ്യമിടുന്നെന്നായിരുന്നു ആദ്ദേഹത്തിന്റെ വിമര്‍ശനം. സര്‍ക്കാര്‍ ഈ ബില്‍ പിന്‍വലിക്കണം എന്നും ആദ്ദേഹം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

ഇന്നലെയാണ് 'വിദേശ സംഭാവനാ നിയന്ത്രണ ഭേദഗതി ബില്‍ 2026' ശബ്ദ വേട്ടോടെ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെപിസി) വിട്ടത്. ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്നാണ് ബില്ല് ജെപിസിക്ക് വിട്ടത്. ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹാജരാകാതിരുന്ന സാഹചര്യത്തില്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയാണ് ബില്‍ ജെപിസിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചത്. അതേസമയം ജെപിസി ആംഗങ്ങള്‍ ആരൊക്കെയെന്നത് ഇന്ന് തീരുമാനിക്കും. 31 അംഗ സമിതി ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസത്തിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇന്നലത്തെ പാര്‍ലമെന്റ് അജണ്ടകളുടെ പട്ടികയില്‍ ഈ പ്രമേയം ഉള്‍പ്പെടുത്തിയിരുന്നില്ല. ഉച്ചയ്ക്ക് 2 മണിക്ക് സഭ വീണ്ടും ചേരുന്നതിന് തൊട്ടുമുമ്പ്, അനുബന്ധ കാര്യപരിപാടി പട്ടികയില്‍ ഇത് ചേര്‍ക്കുകയായിരുന്നു.

പ്രമേയം അവതരിപ്പിച്ച ഉടന്‍ തന്നെ പ്രതിപക്ഷ നിരയില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയും വാദപ്രതിവാദങ്ങള്‍ ഉണ്ടാവുകയും ചെയ്തു. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) പോലുള്ള സംഘടനകളെ ഒഴിവാക്കിക്കൊണ്ട്, എന്‍ജിഒകളെ (പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ നടത്തുന്നവയെയും) ലക്ഷ്യമിട്ടാണ് ഈ നിയമനിര്‍മ്മാണം കൊണ്ടുവരുന്നതെന്ന് ആരോപിച്ച പ്രതിപക്ഷം, പ്രമേയം പൂര്‍ണ്ണമായും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. മറുവശത്ത്, സര്‍ക്കാര്‍ ഈ ബില്ലിനെ ന്യായീകരിക്കുകയും, ഇത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതല്ലെന്ന് വിശദീകരിക്കുകയുമാണ് ചെയ്തുത്. അതേസമയം, ബില്‍ ഒരു സമിതിയുടെ പരിശോധനയ്ക്ക് വിടണമെന്ന് പ്രതിപക്ഷം തന്നെ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

ബില്ലുകള്‍ സമിതിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും, സര്‍ക്കാര്‍ ഇപ്പോള്‍ അത് ചെയ്യുമ്പോള്‍ അവര്‍ അതിനെ എതിര്‍ക്കുകയാണെന്നും കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടാത്ത ഏതെങ്കിലും ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ടോ എന്നായിരുന്നു സമാജ്വാദി പാര്‍ട്ടി എംപി അഖിലേഷ് യാദവ് തിരിച്ചടിച്ചത്. ഇത് അടക്കം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെക്കാത്ത ഏത് ബില്ലാണ് കൊണ്ടു വന്നതെന്ന് റിജിജു വ്യക്തമാക്കണമെന്നും അഖിലേഷ് പറഞ്ഞു.

ബജറ്റ് സമ്മേളനത്തിനിടെ ലോക്സഭയില്‍ ആദ്യമായി ഈ ബില്‍ അവതരിപ്പിച്ചിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് നടക്കാനിരുന്ന കേരളത്തിലെ ക്രൈസ്തവ സഭാ നേതാക്കളില്‍ നിന്നും പ്രതിപക്ഷത്ത് നിന്നും എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്ന് ഏപ്രില്‍ 1-ന് അത് മാറ്റിവെക്കുകയായിരുന്നു.

എഫ്സിആര്‍എ ലൈസന്‍സുകള്‍ റദ്ദാക്കപ്പെടുകയോ, തിരിച്ചേല്‍പ്പിക്കുകയോ, കാലാവധി തീരുകയോ ചെയ്ത എന്‍ജിഒകളുടെ ആസ്തികളുടെ താല്‍ക്കാലികമോ സ്ഥിരമോ ആയ നിയന്ത്രണം ഏറ്റെടുക്കുന്നതിനായി ഒരു 'നിര്‍ദ്ദിഷ്ട അതോറിറ്റി' രൂപീകരിക്കാന്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ (റെഗുലേഷന്‍) ഭേദഗതി ബില്‍, 2026' നിര്‍ദ്ദേശിക്കുന്നു. ഇത്തരം ആസ്തികള്‍ കൈകാര്യം ചെയ്യാനും വിനിയോഗിക്കാനുമുള്ള അധികാരം ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഫണ്ട് വിനിയോഗത്തിനുള്ള സമയപരിധി നിശ്ചയിക്കുക, ലൈസന്‍സ് സസ്‌പെന്‍ഷന്‍ കാലയളവില്‍ ആസ്തികളുടെ മേലുള്ള നിയന്ത്രണം, പിഴകള്‍ യുക്തിസഹമാക്കല്‍, അന്വേഷണം ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കല്‍ എന്നിവയും ഈ ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Content Highlights: Opposition MPs criticised the Foreign Contribution Amendment Bill in Parliament, with KC Venugopal alleging that the legislation targets NGOs and minority institutions. Venugopal questioned the government’s approach to foreign contributions and urged it to withdraw the proposed legislation.

To advertise here,contact us