ന്യൂഡൽഹി: ഹൈദരാബാദിലെ NALSAR നിയമ സര്‍വകലാശാലയില്‍ ഈ വര്‍ഷം ബിരുദം നേടിയ വിദ്യാര്‍ത്ഥികളുടെ എന്റോൾമെന്റ് തടഞ്ഞ ഉത്തരവ് തിരുത്തി ബാര്‍ കൗസില്‍ ഓഫ് ഇന്ത്യ. NALSAR നിയമ സര്‍വകലാശാലയില്‍ നിന്ന് 2026-ല്‍ ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയെയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എന്റോള്‍മെന്റ് ചെയ്യിക്കില്ലെന്ന ഉത്തരവാണ് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഇപ്പോൾ തിരുത്തിയത്. എല്ലാ സംസ്ഥാന ബാര്‍ കൗണ്‍സിലുകളോടും എന്റോൾമെന്റ് നൽകരുതെന്ന് ബിസിഐ നിർദേശിച്ചിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിനെതിരെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ബാര്‍ കൗണ്‍സിൽ നടപടി സ്വീകരിച്ചിരുന്നത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ NALSAR വിസിയോട് ബിസിഐ ചെയര്മാന് വിശദീകരണം തേടിയിരുന്നു.
ബാര്‍ കൗണ്‍സിലില്‍ നിന്ന് കൗണ്‍സില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതുവരെ ഹൈദരാബാദ് ദേശീയ സര്‍വകലാശാലയിലെ 2026 ബാച്ചിലെ ഒരു വിദ്യാര്‍ത്ഥിയുടെയും എന്റോള്‍മെന്റ് നടത്തരുതെന്ന് ബിസിഐ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര പറഞ്ഞിരുന്നു.
ബിസിഐ നടപടിയില്‍ എതിര്‍പ്പ് അറിയിച്ച് കേരളത്തില്‍ നിന്നുള്ള ബാര്‍ കൗണ്‍സില്‍ അംഗം എന്‍ മനോജ് കുമാര്‍ പ്രതികരിച്ചിരുന്നു.എന്റോള്‍മെന്റ് തടഞ്ഞ ബിസിഐ നടപടി ഏകപക്ഷീയമെന്നാണ് പ്രതികരിച്ചത്. അഭിഭാഷകരായി എന്റോള്‍ ചെയ്യാനുള്ള വിദ്യാര്‍ഥികളുടെ മൗലിക അവകാശം തടയാനാവില്ലെന്നും ജനാധിപത്യ പ്രക്രിയയില്‍ വിദ്യാര്‍ഥികള്‍ക്ക് വിയോജിക്കാനുള്ള അവകാശമുണ്ടെന്നും എന്‍ മനോജ് കുമാര്‍ വ്യക്തമാക്കി. നടപടിയില്‍ ആശങ്ക അറിയിച്ച് എന്‍ മനോജ് കുമാര്‍ ബിസിഐക്ക് കത്ത് നല്‍കിയിരുന്നു.
Content Highlights: The Bar Council of India has revoked its earlier order that blocked the enrollment of students from NALSAR University of Law in Hyderabad.