ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിൻ്റെ വിവാദ ലാൻഡിങ്; എല്ലാ പൈലറ്റുമാര്‍ക്കും പരിശോധന കര്‍ശനമാക്കി എയര്‍ ഇന്ത്യ

കഴിഞ്ഞ ആഴ്ച ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പെട്ടെന്ന് വേഗം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു

ന്യൂഡല്‍ഹി: ഫുക്കറ്റ്-ഡല്‍ഹി വിമാനത്തിലെ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് എല്ലാ പൈലറ്റുമാര്‍ക്കും ലഹരി പരിശോധന കര്‍ശനമാക്കി എയര്‍ ഇന്ത്യ. പരിശോധന ഇന്ന് മുതല്‍ ആരംഭിക്കും. എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഡിജിസിഎ നിര്‍ദ്ദേശിക്കുന്ന എല്ലാ നിയമങ്ങളും എയര്‍ ഇന്ത്യ ഇതിനകം പൂര്‍ണമായി പാലിക്കുന്നുണ്ട്. യൂറോപ്പിലെയും അമേരിക്കയിലെയും പ്രധാന വ്യോമയാന മേഖലകളില്‍ നിലവിലുള്ള മാനദണ്ഡങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ട്. എങ്കിലും നിലവില്‍ പരിശോധ അനിവാര്യമാണെന്ന് തീരുമാനിച്ചതായി എയര്‍ ഇന്ത്യയുടെ കത്തില്‍ പറയുന്നു.

നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അതീതമായി നടത്തുന്ന ഈ നടപടി, സുരക്ഷയുടെയും പ്രൊഫഷണലിസത്തിന്റെയും ഏറ്റവും ഉയര്‍ന്ന നിലവാരം ഉറപ്പാക്കുന്നതിനാണെന്ന് കമ്പനി ആവര്‍ത്തിച്ചു. കഴിഞ്ഞ ആഴ്ച ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം പെട്ടെന്ന് വേഗം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് നടത്തിയ രണ്ട് ഡ്രഗ് ടെസ്റ്റുകളിലും പൈലറ്റ് സുദീപ് വശിഷ്ഠയുടെ ശരീരത്തില്‍ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

AI-2379 എന്ന വിമാനത്തില്‍ 137 യാത്രക്കാരും 8 ജീവനക്കാരുമാണുണ്ടായിരുന്നത്. ഓഗസ്റ്റ് 4ന് ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെ ഒഡിഷയ്ക്ക് മുകളിലൂടെ വിമാനം പെട്ടെന്ന് ഏകദേശം 300 അടി താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തില്‍ 20 യാത്രക്കാര്‍ക്കും 4 ജീവനക്കാര്‍ക്കും പരിക്കേറ്റു.

വിമാനം ഉയരം നഷ്ടപ്പെട്ട സമയത്ത് പൈലറ്റ് സുദീപ് വശിഷ്ഠ തന്റെ സീറ്റിലുണ്ടായിരുന്നില്ലെന്നും ആ സമയത്ത് കോ-പൈലറ്റായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നതെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയ ശേഷം പൈലറ്റ് കാലുകളുറയ്ക്കാത്ത നിലയിലായിരുന്നെന്നും ഇരിക്കാന്‍ സഹായം ആവശ്യപ്പെട്ടെന്നും ചില സ്രോതസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യയുടെ ആഭ്യന്തര ഫ്‌ലൈറ്റ് സേഫ്റ്റി റിപ്പോര്‍ട്ട് പ്രകാരം, ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് മരുന്ന് കഴിച്ചിരുന്നതായി അറിയിച്ചിരുന്നു. പകല്‍ സമയത്തെ വിശ്രമത്തിനായി തനിക്ക് ലഭിച്ചത് വളരെ കുറച്ച് സമയം മാത്രമാണെന്നും അത് മതിയായ ശാരീരിക വീണ്ടെടുപ്പിന് ആവശ്യമായ സമയത്തേക്കാള്‍ കുറവായിരുന്നുവെന്നും പൈലറ്റ് വിശദീകരണം നല്‍കിയിട്ടുണ്ട്.

Content Highlights: Air India has tightened pilot safety checks across its fleet after the controversial landing of the Phuket-Delhi flight, strengthening oversight following the incident.

To advertise here,contact us