ന്യൂഡല്‍ഹി: മലയാളിയായതില്‍ അഭിമാനമെന്ന് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി. ബിജെപി എം പി സുഷ്മിത ദേവിന്റെ ലുങ്കിവാല പരാമര്‍ശത്തിനെതിരെയാണ് ജോണ്‍ ബ്രിട്ടാസ് നിലപാട് വ്യക്തമാക്കിയത്. ഇന്ത്യക്കാരനായതിലും ദക്ഷിണേന്ത്യക്കാരനായതിലും മലയാളിയായതിലും അഭിമാനിക്കുന്നവെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നമ്മുടെ സംസ്കാരത്തെയും ഭാഷയെയും വേഷത്തെയും ഓരോ നിമിഷവും വിലമതിക്കുന്നതായി കണക്കാക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. വാക്കുകള്‍കൊണ്ട് പോരാടാം. പക്ഷെ ആവര്‍ത്തിച്ച് അവര്‍ എന്നെ ലുങ്കിവാലയെന്ന് വിളിക്കുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
ലുങ്കിവാല പരാമര്‍ശത്തില്‍ സുഷ്മിതാ ദേവിനെതിരെ ജോണ്‍ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷന്‍ സി പി രാധാകൃഷ്ണന് അവകാശലംഘന നോട്ടീസ് നല്കി. പരാമര്‍ശത്തില്‍ ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്ക് പോര് ഉണ്ടായി. എല്ലാ അംഗങ്ങളും തുല്ല്യരാണെന്നും സ്ഥലഭേദമില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. രാജ്യവിരുദ്ധമോ വ്യക്തിവിരുദ്ധമോ ആയ പരാമര്‍ശം അംഗീകരിക്കാന്‍ ആകില്ല. സുഷ്മിത ദേബിനും പരാതിയുണ്ട്. അതും കേള്‍ക്കണമെന്ന് കിരണ്‍ റിജിജു പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലേയും വസ്ത്രധാരണ രീതിയെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്ന് ജെ പി നദ്ദ പറഞ്ഞു. തങ്ങള്‍ ഇതിനെ ലുങ്കിയെന്നല്ല ധോത്തി എന്നാണ് വിളിക്കുന്നതെന്നും ഇത്തരം പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ലെന്നും ജെപി നദ്ദ വ്യക്തമാക്കി.
സഭാ നടപടികള്‍ തടസ്സപ്പെട്ടതോടെ അധ്യക്ഷന്‍ ഇടപെട്ടു. സഹപ്രവര്‍ത്തകരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് അധ്യക്ഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്കി. ബഹളത്തെ തുടര്‍ന്ന് സഭ രണ്ട് വരെ നിര്‍ത്തിവെച്ചു. 'കേരള എംപി ലുങ്കി വാല' എന്ന പരാമര്‍ശമായിരുന്നു ജോണ്‍ ബ്രിട്ടാസിനെതിരെ സുഷ്മിത ദേവ് നടത്തിയത്. ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതിന് ഇടയിലായിരുന്നു വിവാദ പരാമര്‍ശം. ബിജെപിയുടെ കേരള വിരുദ്ധ മനോഭാവത്തിന്റെ ഉദാഹരണമാണിതെന്ന് എ എ റഹിം എംപി പ്രതികരിച്ചു.
Content Highlights: Rajya Sabha MP John Brittas said he is proud to be a Malayali while responding to BJP MP Sushmita Dev's 'Lungiwala' remark in the House