ജന്തര്‍ മന്തര്‍ സീസണ്‍ 2 ഉടന്‍; പുതിയ പ്രതിഷേധത്തിൻ്റെ സൂചന നല്‍കി അഭിജീത് ദീപ്‌കെ

യോഗത്തിന്റെ സംഘാടകര്‍ വേദിയില്‍ എത്തിയപ്പോഴാണ് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന വിവരം ലഭിച്ചത്

ന്യൂഡല്‍ഹി: ജന്തര്‍ മന്തര്‍ സീസണ്‍ 2 ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. സിജെപി വളണ്ടിയർമാരുടെ ഡല്‍ഹിയില്‍ തീരുമാനിച്ചിരുന്ന യോഗം അവസാന നിമിഷം റദ്ദാക്കിയതിന് പിന്നാലെയാണ് ന്യൂഡൽഹിയിൽ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് കൊണ്ട് അഭിജീത് ദീപ്കെ പുതിയ പ്രതിഷേധത്തിൻ്റെ സൂചന നൽകിയത്. വളണ്ടിയർമാരുടെ യോഗം നടത്താനായി തീരുമാനിച്ചിരുന്ന വേദി അനുവദിക്കാന്‍ കഴിയില്ലെന്ന് ബിജെപി സമ്മര്‍ദത്തെ തുടര്‍ന്ന് ഉടമ അറിയിച്ചുവെന്നും ദീപ്‌കെ പൊതുയോഗത്തിൽ വിശദീകരിച്ചു.

സമൂഹമാധ്യമങ്ങളില്‍ രണ്ടാം സീസണ്‍ എപ്പോഴാണ് ആരംഭിക്കുന്നതെന്ന് ചോദിച്ച് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ദീപ്‌കെ പറഞ്ഞു. എത്രയും വേഗം ജന്തര്‍ മന്തറിന്റെ സീസണ്‍ 2 ആരംഭിക്കുമെന്നാണ് അവരോട് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ നിശ്ചയിച്ച വളണ്ടിയമാരുടെ യോഗത്തിന്റെ സംഘാടകര്‍ വേദിയില്‍ എത്തിയപ്പോഴാണ് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന വിവരം ലഭിച്ചത്. അതിനാല്‍ മറ്റ് സ്ഥലങ്ങളിലും ഹാളിനായി തിരക്കി. എന്നാല്‍ ആരും വാടകയ്ക്ക് നല്‍കാന്‍ തയ്യാറായില്ല. മുകളില്‍ നിന്നുള്ള സമ്മര്‍ദം ഉണ്ടെന്നാണ് ഇവരെല്ലാം മറുപടി നല്‍കിയതെന്നും ദീപ്‌കെ വിശദീകരിച്ചു. സിജെപി പ്രവര്‍ത്തകര്‍ക്ക് യോഗം നടത്താനായി സ്ഥലം വിട്ടുനല്‍കിയാല്‍ തലകീഴായി കെട്ടിത്തൂക്കുമെന്ന ഭീഷണി പലര്‍ക്കും ലഭിച്ചതായും ദീപ്‌കെ ആരോപിക്കുന്നു. ബിജെപിക്ക് രാജ്യത്തെ യുവജനതയെ ഭയമാണെന്ന് അവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നു. ഇത്തരം ചെറിയ കാര്യങ്ങള്‍ കൊണ്ട് ഭയപ്പെടുത്താമെന്നാണ് എങ്കില്‍ അത് അവരുടെ തെറ്റിദ്ധാരണയാണെന്നും ദീപ്‌കെ പറഞ്ഞു.

Content Highlights: Dipke has hinted at a new protest soon, indicating the possibility of Jantar Mantar Season 2. The statement suggests that a fresh protest movement may be announced, with more details expected in the coming days.

To advertise here,contact us