സമരമുഖത്ത് ഇനി ജെന്‍ ആല്‍ഫ; ചര്‍ച്ചയായി ഉത്തര്‍പ്രദേശിലെ വിദ്യാര്‍ത്ഥികളുടെ കളക്‌ടറേറ്റ് മാര്‍ച്ച്

ഹാമിര്‍പൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഗ്രാമവാസികളും ദേശീയ പതാകയേന്തി ചൊവ്വാഴ്ച കളക്ടറേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു

ലഖ്നൗ: ചര്‍ച്ചയായി ഉത്തര്‍പ്രദേശിലെ ജെന്‍ ആല്‍ഫ പ്രതിഷേധം. ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരില്‍ നടന്ന ജെന്‍ ആല്‍ഫ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഹാമിര്‍പൂര്‍ ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഗ്രാമവാസികളും ദേശീയ പതാകയേന്തി ചൊവ്വാഴ്ച കളക്ടറേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തുകയായിരുന്നു. സ്‌കൂളിലേക്ക് ടാര്‍ ചെയ്ത റോഡ് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇരുന്നൂറോളം കുട്ടികളും 50 രക്ഷിതാക്കളും ആണ് മാര്‍ച്ച് നടത്തിയത്.

ചന്ദുപൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഗാംഗ്വ കാ ദേര, ബച്ചി കാ ദേര എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഗ്രാമവാസികളും ഉള്‍പ്പെടെയുള്ളവരാണ് അഞ്ച് കിലോമീറ്റര്‍ ദൂരം 'തിരംഗ യാത്ര' നടത്തിയത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പുതിയ റോഡ് നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ മുദ്രാവക്യങ്ങളുമായി കളക്‌ടറേറ്റിന്റെ പ്രധാന കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്‌കൂളിലെത്താന്‍ ചെളി നിറഞ്ഞതും ദുഷ്‌കരവുമായ വഴികളിലൂടെ നടക്കേണ്ട അവസ്ഥയാണെന്നും, സ്വാതന്ത്ര്യം ലഭിച്ചതുമുതല്‍ ഗ്രാമത്തില്‍ ഉറപ്പുള്ള റോഡ് നിര്‍മ്മിച്ചിട്ടില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധത്തെത്തുടര്‍ന്ന് കളക്ടറേറ്റ് പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്.

സബ്-ഡിവിഷണല്‍ മജിസ്ട്രേറ്റ് അഭിഷേക് കുമാറും സര്‍ക്കിള്‍ ഓഫീസറും സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളുമായും രക്ഷിതാക്കളുമായും ചര്‍ച്ച നടത്തി. റോഡ് നിര്‍മ്മാണം ആരംഭിക്കുന്നത് വരെ കുത്തിയിരിപ്പ് സമരം തുടരുമെന്ന് പ്രതിഷേധക്കാര്‍ ആദ്യം വ്യക്തമാക്കിയിരുന്നതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. റോഡ് നിര്‍മ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് സമരം പിന്‍വലിച്ചതായി എസ്ഡിഎം അഭിഷേക് കുമാര്‍ അറിയിച്ചു. മോശം റോഡ് കാരണം മഴക്കാലത്ത് സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും അതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

Content Highlights: A Gen Alpha protest in Hamirpur, Uttar Pradesh, has gained attention on social media. Around 200 school students and 50 parents marched to the collectorate carrying the national flag, demanding the construction of a tarred road leading to their school.

To advertise here,contact us