'ഭീഷണിപ്പെടുത്തി പണമീടാക്കുന്നു': കശ്മീരിൽ ബിജെപി ജില്ലാ അധ്യക്ഷനെ പുറത്താക്കി; കേസെടുത്ത് പൊലീസ്

ബുഡ്ഗാം സ്വദേശിയായ വ്യക്തി നല്‍കിയ പരാതിയിലാണ് ബിജെപി അധ്യക്ഷനെതിരെ കേസെടുത്തത്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമ ബിജെപി ജില്ലാ അധ്യക്ഷനെ പുറത്താക്കി. കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. സയ്ദ് ഷൗക്കത്ത് ഗയൂര്‍ എന്ന നേതാവിനെയാണ് പുറത്താക്കിയത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പബ്ലിക്ക് സേഫ്റ്റി ആക്ടിന് കീഴില്‍ അറസ്റ്റ് ചെയ്യിക്കും എന്ന് കോണ്‍ട്രാക്ടര്‍മാരെ ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ പണം തട്ടിയിരുന്നത്.

ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലാ പ്രസിഡന്റായ ഗയൂറിന് എതിരെ അന്യായമായി തടഞ്ഞുവയ്ക്കല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ ബിജെപി ഗയൂറിനെ സംഘടനാ ചുമതലകളില്‍ നിന്നും ഒഴിവാക്കി.

ബുഡ്ഗാം സ്വദേശിയായ വ്യക്തി നല്‍കിയ പരാതിയിലാണ് ബിജെപി അധ്യക്ഷനെതിരെ കേസെടുത്തത്. ദക്ഷിണ കശ്മീരിലെ പരിഗാമില്‍ മണ്ണെടുപ്പ് നടക്കുന്ന സ്ഥലത്ത് എത്തിയ പ്രതി മണ്ണ് നിറച്ച ലോറികള്‍ക്ക് മുന്നില്‍ അയാളുടെ സ്വകാര്യ വാഹനം നിര്‍ത്തിയിട്ടു. നിയമപരമായ നടക്കുന്ന പ്രവൃത്തികള്‍ക്ക് തടസം സൃഷ്ടിച്ച പ്രതി താന്‍ ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിലുള്ളത്.

Content Highlights: A BJP district president in Kashmir was removed from the post following allegations of illegally collecting money. Police have registered a case in connection with the allegations. Further investigation into the matter is underway.

To advertise here,contact us