കൊല്‍ക്കത്ത: മുന്‍ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിക്കും ഭാര്യ ഡോണ ഗാംഗുലിക്കും വധഭീഷണി. സൗരവിനെയും ഡോണയേയും വധിക്കുമെന്ന് കാണിച്ച് തിങ്കളാഴ്ച രണ്ട് കത്തുകളാണ് അദ്ദേഹത്തിന്റെ കൊല്‍ക്കത്തയിലെ ഓഫീസില്‍ ലഭിച്ചത്. ഇരുവരുമായി അടുത്തുനില്ക്കുന്നവരെയും വധിക്കുമെന്ന് കത്തില്‍ പറയുന്നുണ്ട്. ഗാംഗുലിക്ക് മുന്‍പും കത്തുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അത് കാര്യമാക്കിയിരുന്നില്ല. തിങ്കളാഴ്ച ലഭിച്ച കത്തിന്റെ പശ്ചാത്തലത്തില്‍ സൗരവിന്റെ സെക്രട്ടറി സൗത്ത് കൊല്‍ക്കത്തയിലെ താക്കുര്പുകുര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
കഴിഞ്ഞ കുറച്ച് നാളുകളായി സൗരവിന് കത്തുകള്‍ ലഭിച്ചിരുന്നതായി സെക്രട്ടറി പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. സൗരവിനെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു ആ കത്തുകള്‍. സൗരവിനോട് താല്പര്യമില്ലാത്ത ആരെങ്കിലും എഴുതിയ കത്തുകളാണെന്നാണ് അന്ന് കരുതിയിരുന്നത്. എന്നാല്‍ തിങ്കളാഴ്ച ലഭിച്ച കത്തില്‍ സൗരവിനെയും ഡോണയേയും ഇരുവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെയും വധിക്കുമെന്നാണ് പറയുന്നതെന്നും പരാതിയില്‍ പറയുന്നു.
ബംഗാളിലെ പര്‍ഗാനാസ് ജില്ലയിലുള്ള ബെല്‍ഗോറിയയില്‍ നിന്നാണ് കത്തുകള്‍ പോസ്റ്റ് ചെയ്തതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. അരുണ്‍ എന്ന പേരിലുള്ള ആളാണ് കത്ത് പോസ്റ്റ് ചെയ്തതെന്നും വ്യക്തമായി. പരാതി ഗൗരവമുള്ളതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. കത്ത് അയച്ചിരിക്കുന്ന കൊറിയര്‍ സെന്ററുമായി ബന്ധപ്പെട്ടിട്ടുണ്ട്. കത്തയച്ച ആളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും ഉദ്യോഗസ്ഥന് പറഞ്ഞു. സംഭവത്തില്‍ സൗരവ് ഗാംഗുലിയോ ഡോണയോ പ്രതികരിച്ചിട്ടില്ല.
Content Highlights- Former Indian cricketer Sourav Ganguly and his wife Dona Ganguly have reportedly received a threat letter. The incident has raised security concerns, with authorities expected to look into the matter