'ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ കൊടുത്ത സവര്‍ക്കറുടെ അനുയായി'; നിര്‍മലാ സീതാരാമനെതിരെ ആഞ്ഞടിച്ച് ബ്രിട്ടാസ്

കേന്ദ്രത്തിന്റെ സാമ്പത്തിക നയം ഇന്ത്യയെ തകര്‍ത്തിരിക്കുകയാണ് എന്ന് പറഞ്ഞത് പരകാല പ്രഭാകര്‍ ആണ്, തന്റെ കുടുംബത്തില്‍ ഉള്ളവര്‍ പറയുന്നതെങ്കിലും നിര്‍മല കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡല്‍ഹി: കമ്മ്യൂണിസ്റ്റുകാര്‍ ഭീരുക്കള്‍ ആണെന്ന കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്റെ പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ കൊടുത്ത സവര്‍ക്കറുടെ അനുയായി തന്നെ അത് പറയണം എന്നായിരുന്ന ബ്രിട്ടാസിന്റെ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റില്‍ വരാതെ ഭയന്ന് ഓടുന്ന മോദിയുടെയും അമിത് ഷായുടെയും അനുയായി അത് പറയണം എന്നും അദ്ദേഹം പരിഹസിച്ചു. ഇന്‍ക്വിലാബ് വിളിച്ച് കഴുമരത്തിലേക്ക് പോയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ബ്രിട്ടീഷ്‌കാരുടെ ബൂട്ടുനക്കിയ, മാപ്പ് അപേക്ഷ കൊടുത്ത സവര്‍ക്കറുടെയും കൂട്ടരുടെയും അനുയായി ആണ് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതികരിച്ചത് എന്നാണ് ഇടത് എംപിയുടെ രൂക്ഷ വിമര്‍ശനം.

യുപിഐ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചിരുന്നു. വിഷയത്തില്‍ ഇന്നലെ ചോദിച്ച പ്രസക്തമായ ചോദ്യങ്ങള്‍ക്ക് ഒന്നും കേന്ദ്രം മറുപടി നല്‍കിയില്ല. 'തോല' (ടാക്‌സേഷന്‍ ആന്റ് അദര്‍ ലോസ് അമന്റ്‌മെന്റ്) എന്ന ഓമനപ്പേരിലുളള പുതിയ നിയമം യുപിഐ യില്‍ സേവനനിരക്ക് ഏര്‍പ്പെടുത്താനുള്ള ബ്ലാങ്ക് ചെക്ക് ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. ചെറിയ ഒരു ന്യൂനപക്ഷത്തിന് മാത്രം ബാധകമാകും എന്നാണ് പറയുന്നത്. എന്നാല്‍ അത് ബോധപൂര്‍വ്വമായ തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹ കുറ്റപ്പെടുത്തി. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് കച്ചവടക്കാര്‍ക്ക് മാത്രം ബാധകമാകൂ, ഉപഭോക്താവിലേക്ക് പോകില്ല എന്നാണ് അവര്‍ പറഞ്ഞത്. ലോകത്തില്‍ എവിടെയെങ്കിലും കച്ചടക്കാര്‍ക്ക് മേല്‍ ചുമത്തുന്ന സാമ്പത്തിക ഭാരം ഉപഭോക്താവിലേക്ക് പോകാതിരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്നും എംപി ചോദിച്ചു.

ജിഎസ്ടി ഇളവുകള്‍ കൊടുക്കുമ്പോള്‍ ഉപഭോക്താവിന് കൊടുക്കണം എന്ന പറയുന്ന നിര്‍മല സീതാരാമന്‍ ഭാരം ചുമത്തുമ്പോള്‍ അത് കച്ചവടക്കാരന്‍ തന്നെ ഏറ്റെടുക്കുമെന്നാണ് പറയുന്നതെന്നും അത് കബളിപ്പിക്കലാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ നിയമം അധാര്‍മ്മികവും നിയമവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കണക്കുകളും അവതിരിപ്പിക്കാതെ, ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് ഇത് ബാധിക്കാന്‍ പോകുന്നത്, എതൊക്കെ സേവനങ്ങള്‍ക്കാണ് ഇത് ബാധമാകുക എന്നതിനെക്കുറിച്ചൊന്നും ഒരു വ്യക്തതയും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്റെ സാമ്പത്തിക നയം ഇന്ത്യയെ തകര്‍ത്തിരിക്കുകയാണ് എന്ന് പറഞ്ഞത് പരകാല പ്രഭാകര്‍ ആണ്. തന്റെ കുടുംബത്തില്‍ ഉള്ളവര്‍ പറയുന്നതെങ്കിലും നിര്‍മല കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു ആഭ്യന്തര മന്ത്രി സഭയില്‍ ഇത്രയും ദിവസം വരാതെ ഇരുന്നിട്ടില്ലെന്നും അമിത്ഷാക്കെതിരെ അദ്ദേഹത്തിന്റം വിമര്‍ശനമുണ്ടായി. അമിത് ഷായുടെ പ്രസംഗം കേള്‍ക്കാന്‍ വേണ്ടിയാണോ ഞങ്ങളുടെ താത്പര്യം എന്ന് ചോദിച്ച അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടത് മറുപടിയാണെന്നും പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ കേട്ടില്ലെങ്കില്‍ പാര്‍ലമെന്റ് സ്തംഭിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Content Highlights: John Brittas MP has sharply criticised Union Finance Minister Nirmala Sitharaman over her remarks about communists. Brittas invoked Savarkar in his response and also took a dig at Prime Minister Narendra Modi and Home Minister Amit Shah, while highlighting the history of communist activists who fought against British rule.

To advertise here,contact us