റാഞ്ചി: ജാര്‍ഖണ്ഡ് പരീക്ഷ ക്രമക്കേടുകളില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ പ്രതികരണവുമായി സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെ. വോട്ട് ബാങ്കിനായല്ല വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതെന്നും അവര്‍ സ്വന്തം അവകാശങ്ങള്‍ക്കായാണ് പോരാടുന്നതെന്നും ദീപ്കെ പറഞ്ഞു. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമെതിരെ മാത്രം പൊലീസ് നടപടികള്‍ ഉണ്ടാകുന്നതെന്താണെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളില്‍ ഇത്തരം നടപടികള്‍ എന്ത് കൊണ്ട് ഉണ്ടാകുന്നില്ലെന്നും ദീപ്കെ ചോദിച്ചു
റാഞ്ചിയിലാണ് പ്രതിഷേധം നടന്നത്. കഴിഞ്ഞമാസം ഡല്‍ഹിയില്‍ നടന്ന സംഭവത്തിന്റെ തുടര്‍ച്ചയാണ് ജാര്‍ഖണ്ഡിലും നടന്നത്. ജാര്‍ഖണ്ഡ് പബ്ലിക്ക് സര്‍വീസ് കമ്മീഷന്, ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന് കമ്മീഷന് പരീക്ഷകളിൽ നടന്ന ക്രമക്കേടുകളിലാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.
'ജാര്‍ഖണ്ഡില്‍ കഴിഞ്ഞദിവസം നടന്നത് വളരെ മോശം കാര്യമാണ്. മുമ്പ് ജന്തര്‍ മന്തറില്‍ സംഭവിച്ച അതേ കാര്യങ്ങള്‍ ഇവിടെയും നടന്നത് നാം കണ്ടു. ലാത്തികളും കണ്ണീര്‍വാതകവും ഉപയോഗിച്ചു. എനിക്ക് മനസിലാകുന്നില്ല എന്തുകൊണ്ടാണ് ലാത്തിയും കണ്ണീര് വാതകവും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളില്‍ ഉപയോഗിക്കാത്തതെന്ന്? എന്താണ് അത് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ മാത്രം ഉപയോഗിക്കുന്നത്?', ദീപ്കെ ചോദിച്ചു.
റാഞ്ചിയിലെ പ്രതിഷേധത്തിന് നേതൃത്വം നല്കുന്ന ദേവേന്ദ്ര മഹതോയ്ക്ക് എതിരെയും പൊലീസ് ലാത്തി ഉപയോഗിച്ചിരുന്നു. ഈ രാജ്യത്തുള്ള സര്‍ക്കാരുകള്‍, അത് ജാര്‍ഖണ്ഡിലേത് ആയാലും മറ്റെവിടെയായാലും വിദ്യാര്‍ത്ഥികളോട് ഈ അനീതി ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കണം. വിദ്യാര്‍ത്ഥികള്‍ പോരാടുന്നത് അവരുടെ ഭാവിക്ക് വേണ്ടിയാണ് അല്ലാതെ വോട്ടുബാങ്കിന് വേണ്ടിയല്ലെന്നും ദീപ്കെ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 25നാണ് ജാര്‍ഖണ്ഡ് പരീക്ഷാ ചോദ്യപേപ്പര്‍ ക്രമക്കേടിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ആരംഭിച്ചത്. ഇതേതുടര്‍ന്ന് ജാര്‍ഖണ്ഡ് പബ്ലിക്ക് സര്‍വീസ് കമ്മീഷന്റെ 2023, 2025 പരീക്ഷകളും 14-ാം പ്രിലിമിനറി പരീക്ഷയും റദ്ദാക്കാന്‍ തീരുമാനിച്ചിരുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു തീരുമാനം. സിഐഡി അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലായിരിക്കും സിഐഡി അന്വേഷണമെന്നും സര്‍ക്കാര്‍ അറിയിച്ചതായാണ് വിവരം. അതേസമയം സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ സമരം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ അറിയിച്ചിരിക്കുന്നത്.
Content Highlights: Dipke questioned why lathis were not used during protests by political parties while commenting on police action in Jharkhand. His remarks focused on the police response to political protests