തിരുവനന്തപുരം: രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ അധിക്ഷേപിച്ച് ബിജെപി എംപി. 'കേരള എംപി ലുങ്കി വാല' എന്ന പരാമര്‍ശമാണ് ജോണ്‍ ബ്രിട്ടാസിനെതിരെ സുഷ്മിത ദേവ് നടത്തിയത്. ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതിന് ഇടയിലായിരുന്നു വിവാദ പരാമര്‍ശം. സംഭവത്തില്‍ രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് അവകാശ ലംഘന നോട്ടീസ് നല്കി.
ബിജെപിയുടെ കേരള വിരുദ്ധ മനോഭാവത്തിന്റെ ഉദാഹരണമാണിതെന്ന് എ എ റഹിം എംപി പ്രതികരിച്ചു. നാളെ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളും വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെതിരെ ജോണ്‍ ബ്രിട്ടാസ് രംഗത്തെത്തിയിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഭീരുക്കള്‍ ആണെന്ന പരാമര്‍ശത്തിലായിരുന്നു എംപിയുടെ പ്രതികരണം. ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ കൊടുത്ത സവര്‍ക്കറുടെ അനുയായി തന്നെ അത് പറയണം എന്നായിരുന്ന ബ്രിട്ടാസിന്റെ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റില്‍ വരാതെ ഭയന്ന് ഓടുന്ന മോദിയുടെയും അമിത് ഷായുടെയും അനുയായി അത് പറയണം എന്നും അദ്ദേഹം പരിഹസിച്ചു. ഇന്‍ക്വിലാബ് വിളിച്ച് കഴുമരത്തിലേക്ക് പോയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ബ്രിട്ടീഷ്കാരുടെ ബൂട്ടുനക്കിയ, മാപ്പ് അപേക്ഷ കൊടുത്ത സവര്‍ക്കറുടെയും കൂട്ടരുടെയും അനുയായി ആണ് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതികരിച്ചത് എന്നായിരുന്നു ഇടത് എംപിയുടെ രൂക്ഷ വിമര്‍ശനം.
യുപിഐ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചിരുന്നു. 'തോല' (ടാക്സേഷന്‍ ആന്റ് അദര്‍ ലോസ് അമന്റ്മെന്റ്) എന്ന ഓമനപ്പേരിലുളള പുതിയ നിയമം യുപിഐയില്‍ സേവനനിരക്ക് ഏര്‍പ്പെടുത്താനുള്ള ബ്ലാങ്ക് ചെക്ക് ആണെന്നും അദ്ദേഹം വിമര്‍ശിച്ചു. ചെറിയ ഒരു ന്യൂനപക്ഷത്തിന് മാത്രം ബാധകമാകും എന്നാണ് പറയുന്നത്. എന്നാല്‍ അത് ബോധപൂര്‍വ്വമായ തെറ്റിദ്ധരിപ്പിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് കച്ചവടക്കാര്‍ക്ക് മാത്രം ബാധകമാകൂ, ഉപഭോക്താവിലേക്ക് പോകില്ല എന്നാണ് അവര്‍ പറഞ്ഞത്. ലോകത്തില്‍ എവിടെയെങ്കിലും കച്ചവടക്കാര്‍ക്ക് മേല്‍ ചുമത്തുന്ന സാമ്പത്തിക ഭാരം ഉപഭോക്താവിലേക്ക് പോകാതിരിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടോ എന്നും എംപി ചോദിച്ചു.
Content Highlights: A controversy erupted in the Rajya Sabha after BJP MP Sushmita Dev allegedly made a derogatory remark against Kerala MP John Brittas, referring to him as a “lungi wala” MP