'ചർച്ച വലിച്ചു നീട്ടി മറുപടി പറയുകയല്ല വേണ്ടത്'; കിരൺ റിജിജുവിനെ തള്ളി കെസി വേണുഗോപാൽ

അയോധ്യ സംഭാവന കൊള്ളയിലും സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ പൊലീസ് നടപടി അടക്കമുള്ള വിഷയങ്ങളില്‍ അമിത് ഷാ സഭയില്‍ മറുപടി പറയുമെന്ന കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചര്‍ച്ച വലിച്ചു നീട്ടി മറുപടി പറയുകയല്ല വേണ്ടതെന്നും അമിത് ഷാ നേരിട്ട് സഭയിലെത്തി പ്രസ്താവന നടത്തണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ഇത്രയും ദിവസം മൗനം പാലിച്ച് അവസാന മണിക്കൂറിലാണ് കിരണ്‍ റിജിജു പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ ആവശ്യമല്ല കേന്ദ്രം അംഗീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യ സംഭാവന കൊള്ളയിലും സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. രാജ്യത്തെ ഓരോ വീടും കൊള്ളയടിച്ചതിന് തുല്യമാണ് ഇതെന്നും പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തോട് കേന്ദ്രം ഇതുവരെയും പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എഫ്സിആര്‍എ ഭേദഗതി ബില്ല് കൊണ്ട് വരാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. എഫ്സിആര്‍എ ഭേദഗതി ബില്ലിനെ ഇന്‍ഡ്യ സഖ്യം ഒറ്റകെട്ടായി എതിര്‍ക്കുമെന്നും ബില്ല് പിന്‍വലിക്കുക തന്നെയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജെപിസിക്ക് വിടണമെന്ന ആവശ്യം ഇന്‍ഡ്യ സഖ്യത്തിനില്ലെന്നും ഈ വിഷയത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒരേ നിലപാടാണെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം അമിത് ഷാ സഭയില്‍ എത്താത്തതിൽ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ പൊലീസ് നടപടി അടക്കമുള്ള വിഷയങ്ങളില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പൊലീസ് നടപടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അമിത് ഷാ മറുപടി പറയണമെന്ന് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പും പാര്‍ലമെന്റ് കവാടത്തിൽ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.

Content Highlights: K C Venugopal Rejects Union Minister Kiren Rijijus Statement

To advertise here,contact us