ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രതിഷേധം; നിയമസഭാ മാര്‍ച്ചിൽ സംഘർഷം, ഉടനടി പരിഹരിഹാരം കാണണമെന്ന് രാഹുൽ ഗാന്ധി

ജെപിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി തുടങ്ങിയ പ്രതിഷേധമാണ് സമവായമില്ലാതെ തുടരുന്നത്

റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. സര്‍ക്കാരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ചര്‍ച്ചകള്‍ സമവായത്തില്‍ എത്താതായതോടെയാണ് വിദ്യാര്‍ത്ഥികള്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. പൊലീസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു.

ജെപിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി തുടങ്ങിയ പ്രതിഷേധമാണ് സമവായമില്ലാതെ തുടരുന്നത്. മൂന്ന് ദിവസങ്ങളിലായി നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്.

പഴയ നിയമസഭാ മന്ദിരത്തില്‍ നിന്ന് പുതിയ മന്ദിരത്തിലേക്കായിരുന്നു മാര്‍ച്ച്. മാര്‍ച്ചിനെ നേരിടാന്‍ പൊലീസ് ബാരിക്കേഡുകളും മുള്ളുവേലികളും റോഡില്‍ സ്ഥാപിച്ചു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ നിയമസഭയുടെ അകത്തും പ്രതിഷേധക്കാരെത്തി.

അതീവ സുരക്ഷാ മേഖലയിലേക്ക് വിദ്യാര്‍ത്ഥികള്‍ ഇരച്ചു കയറി. പിന്നാലെ പിഎസ്‌സി മുന്‍ ചെയര്‍മാൻ ഖിയാങ്‌ടെയെ സിഐഡി അറസ്റ്റ് ചെയ്തു. ക്രമക്കേടിൽ അന്വേഷണം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ 22-ന് ഇയാൾ ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. വിഷയത്തില്‍ ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തങ്ങള്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങള്‍ പരിഗണിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിക്കുന്നത്. സമരത്തിന് പിന്തുണയുമായി സിജെപി രംഗത്തെത്തി.

അതേസമയം, വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ ബല പ്രയോഗം നടത്തുന്നത് തെറ്റാണെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ അവർക്ക് പൂർണ്ണ അവകാശമുണ്ടെന്നും രാഹുൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ജാർഖണ്ഡ് സർക്കാർ ഉദ്യോഗാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേട്ട് പ്രശ്നങ്ങൾ ഉടനടി പരിഹരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

Content Highlights: Jharkhand Student Protest Turns Violent Amid Tensions

To advertise here,contact us