തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

വന്യജീവി ആക്രമണത്തിൽ വനം വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു

ചെന്നൈ: ഗൂഡല്ലൂരില്‍ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54) എന്ന ആളാണ് കൊല്ലപ്പെട്ടത്. രാത്രി കൃഷിയിടത്തില്‍ എത്തി വെള്ളം തിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ബാലകൃഷ്ണന് നേരെ കടുവയുടെ ആക്രമണമുണ്ടായത്. ബാലകൃഷ്ണനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കടുവ പാതി ഭക്ഷിച്ച നിലയിലായിരുന്നു.

ബാലകൃഷ്ണന്റെ മൃതദേഹം ബന്ധുക്കളെയോ നാട്ടുകാരെയോ കാണിക്കാതെ കൊണ്ടുപോയെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. വന്യജീവി ആക്രമണത്തിൽ വനം വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൂഡല്ലൂരിലും പരിസര പ്രദേശങ്ങളിലും വന്യജീവികളുടെ ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തലനാരിഴയ്ക്കാണ് പ്രദേശവാസികള്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

Content Highlight: Plantation worker meets tragic end in tiger attack

To advertise here,contact us